ഷാർജയിൽ വരുന്ന അധ്യയന വർഷത്തിൽ കൂടുതൽ നഴ്സറികൾ സ്ഥാപിക്കാൻ അംഗീകാരം നൽകി ഭരണാധികാരി. ഷാർജ എജുക്കേഷൻ അക്കാദമിയുടെ (എസ്.ഇ.എ) പുതിയ പദ്ധതിക്കാണ് ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകിയത്. അൽ സുയൂഹ്, വാസിത് സബർബ് എന്നിവിടങ്ങളിലാണ് പുതിയ നഴ്സറികൾ സ്ഥാപിക്കുക.
ഷാർജയിൽ 600ഓളം കുട്ടികൾ നഴ്സറിയിലേയ്ക്ക് പ്രവേശിക്കുന്നതിനായി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നഴ്സറികൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 178 കുട്ടികൾക്കാണ് പുതിയതായി ആരംഭിക്കുന്ന നഴ്സറികളിൽ പ്രവേശനം നൽകുക. ഇതിനുപുറമെ വെയിറ്റിങ് ലിസ്റ്റിലുള്ള 141 കുട്ടികൾക്ക് പ്രവേശനം നൽകാനായി നഴ്സറികൾ വാടകക്ക് എടുക്കാനും എജുക്കേഷൻ അക്കാദമി പദ്ധതിയിട്ടിട്ടുണ്ട്.
കൂടാതെ, കോർഫുക്കാനിലും കൽബയിലും അടഞ്ഞുകിടക്കുന്ന നഴ്സറികൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവേശനത്തിന് സജ്ജമാക്കുന്നതോടൊപ്പം ദിബ അൽ ഹിസാനിൽ പുതിയ നഴ്സറികളുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.