മഹാരാഷ്ട്രയിലെ ശിവസേന വിമതര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം. അയോഗ്യത അപേക്ഷയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം അടുത്തമാസം പന്ത്രണ്ട് വരെ സുപ്രീംകോടതി നീട്ടിയിരിക്കുകയാണ്. അതുവരെ അയോഗ്യത അപേക്ഷയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് തീരുമാനം എടുക്കാനാകില്ലെന്നും കോടതി. ഹര്‍ജികളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്കും, ശിവസേന നിയമസഭ കക്ഷി നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. അടുത്ത മാസം പതിനൊന്നിന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.
ഇന്ന് വൈകിട്ട് 5.30നുള്ളിൽ അയോഗ്യത നോട്ടീസില്‍ മറുപടി നല്‍കണമെന്നായിരുന്നു വിമത എം എല്‍ എമാരോട് ഡെപ്യൂട്ടി സ്പീക്കറുടെ നിർദേശം. ഇതാണ് അടുത്ത മാസം 12 വൈകിട്ട് 5.30 വരെ നീട്ടിയത്. ഇതോടെ അയോഗ്യത നടപടികള്‍ താല‍്ക്കാലികമായി മരവിപ്പിക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍, അയോഗ്യത അപേക്ഷയില്‍ നടപടികളെടുക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് അധികാരമില്ലെന്ന് മുന്‍കാല സുപ്രീംകോടതി വിധി ഉദ്ധരിച്ച് വിമതര്‍ വാദിക്കുകയും ചെയ്തു. അയോഗ്യത അപേക്ഷയിലെ ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ശിവസേനയും കോടതിയിൽ വാദിച്ചു. അവിശ്വാസ പ്രമേയത്തിനായി വിമതര്‍ അയച്ച നോട്ടീസിന് വിശ്വാസ്യതയില്ലാത്തതിനാലാണ് നോട്ടീസ് തള്ളിയതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വാദിച്ചു. ഇതെല്ലാം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ വിമതര്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന് വിശ്വാസ്യതയുണ്ടോ, അവിശ്വാസ പ്രമേയ നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് അയോഗ്യത അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ അധികാരുമുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍ അടുത്ത മാസം 11ന് കോടതി വിശദമായി വാദം കേള്‍ക്കും.
ഇതിനിടെ, വിമതരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എടുത്തുമാറ്റി. ഏക്നാഥ് ഷിന്‍ഡെയുടെ നഗര വികസന വകുപ്പ് സുഭാഷ് ദേശായിക്ക് നല്‍കി. രാഷ്ട്രീയ പ്രതിസന്ധിക്കിടെ, ഭൂമി ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ഇ ഡി നോട്ടീസയച്ചു. ഇ ഡിയുടെ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു.