ഇന്ത്യ-അയർലൻഡ് ട്വന്റി20 പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം അയർലൻഡിലെത്തി. 3 മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിൽ പേസർ ജസ്പ്രിത് ബുമ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് അണിനിരക്കുന്നത്. നാളെ രാത്രി 7.30ന് ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തിലാണ് കളി ആരംഭിക്കുക.
കളിക്കിടെയുണ്ടായ പരിക്കിനേത്തുടർന്ന് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് മാറിനിന്ന ബുമ്ര ഒന്നര വർഷത്തിന് ശേഷമാണ് തിരിച്ചുവരുന്നത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ആരാധകർ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യൻ യുവതാരനിരയാണ് അയർലൻഡിനെതിരെ പൊരുതാനിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണും ജിതേഷ് ശർമയുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്ന സഞ്ജുവിന്റെ ഭാവി തീരുമാനിക്കുന്ന മത്സരം കൂടിയാകും ഇത്.
റിങ്കു സിങ്, ജിതേഷ് ശർമ തുടങ്ങി ഐപിഎലിൽ മികവു തെളിയിച്ച താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളിലേക്കുള്ള അവസാന സിലക്ഷൻ ട്രയൽസ് കൂടിയാണിത് എന്നതിനാൽ താരങ്ങൾക്ക് ഈ മത്സരം നിർണായകമാണ്. 20, 23 തീയതികളിലാണ് മറ്റു മത്സരങ്ങൾ നടത്തപ്പെടുക.