സൗരോർജം ഉപയോഗിച്ച് കടൽവെള്ളം ശുദ്ധീകരിക്കുന്ന വലിയ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ദുബായ്. ദുബായ് വാട്ടർ ആന്റ് ഇലക്ട്രിസിറ്റി അതോറിറ്റിയാണ് (ദീവ) പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി സൗദി അറേബ്യൻ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് ദീവ. ദീവയുടെ ആദ്യ സ്വതന്ത്ര ശുദ്ധജല നിർമ്മാണ മാതൃക പദ്ധതിയാണിത്.
ദീവയുടെ ഹസ്യാൻ സീ വാട്ടർ റിവേഴ്സ് ഓസ്മോസിസ് (എസ്.ആർ.ഡബ്ല്യു.ആർ.ഒ) പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണത്തിന് സൗദിയിലെ എ.സി.ഡബ്യു.എ എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. 91.4 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. പ്രതിദിനം 180 ദശലക്ഷം ഗാലൺ ശുദ്ധജലം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുക.
നിലവിൽ പ്രതിദിനം 490 ഗാലൻ ഉപ്പുവെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ദീവക്കുള്ളത്. 2026-ൽ പുതിയ പ്ലാന്റ് പൂർത്തിയാവുന്നതോടെ ഉൽപാദനശേഷി പ്രതിദിനം 670 ഗാലണായി ഉയരും. 2030-ഓടെ സൗരോർജവും മാലിന്യങ്ങളിൽനിന്നുള്ള ഊർജവും ഉപയോഗിച്ച് 100 ശതമാനം ഉപ്പുവെള്ളവും ശുദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.