ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ കസാറത്ത് സ്ട്രീറ്റിനെയും സ്ട്രീറ്റ് 33നെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)യുടെ സ്ട്രീറ്റ് 33 നവീകരണ പദ്ധതിയുടെ ഭാഗമായാണ് അൽ കസാറത്ത്-സ്ട്രീറ്റ് 33 ജംഗ്ഷനിലുള്ള പുതിയ ഇന്റർചേഞ്ച് തുറന്നത്. ഇൻഡസ്ട്രിയൽ ഏരിയയുടെ വടക്ക് നിന്ന് തെക്ക് വരെ ഒന്ന് മുതൽ 52 വരെയുള്ള സ്ട്രീറ്റുകളുമായി ബന്ധിപ്പിച്ചുള്ള സുപ്രധാനമായ സ്ട്രീറ്റ് ആണ് അൽ കസാറത്ത്. ഇതിനെ പഴയ റൗണ്ട് എബൗട്ട് 2 ലെവലുകളായുള്ള സിഗ്നൽ നിയന്ത്രിത ഇന്റർചേഞ്ച് ആക്കിയാണ് ഇപ്പോൾ നവീകരിച്ചത്.
എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിനും അതിനുള്ള സിഗ്നലുകളും ട്രാഫിക് സിഗ്നലിന് മുകളിലൂടെയുള്ള 215.70 മീറ്റർ നീളമുള്ള മേൽപാലവും സ്ട്രീറ്റ് 33 ലേക്കുള്ള ഗതാഗതം വേഗത്തിലാക്കുമെന്നാണ് വിലയിരുത്തുന്നത്. മണിക്കൂറിൽ 16,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ പുതിയ ഇന്റർചേഞ്ച്. ഇതിലൂടെ സ്ട്രീറ്റിലെ വാണിജ്യ, വ്യാവസായിക കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും വേഗത്തിലാകും.
അതേസമയം സ്ട്രീറ്റ് 33 ലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിനെയും സ്ട്രീറ്റ് 33 നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പഴയ റൗണ്ട് എബൗട്ട് അടുത്ത രണ്ട് മാസത്തേക്ക് താൽക്കാലികമായി അടയ്ക്കുമെന്ന് അഷ്ഗാൽ അറിയിച്ചു. ഈ കാലയളവിൽ വടക്ക് നിന്ന് വെസ്റ്റ് ഇൻഡസ്ട്രിയൽ റോഡിലേക്കുള്ള ഗതാഗതം എനർജി സ്ട്രീറ്റ് റൗണ്ട് എബൗട്ടിലൂടെ വഴിതിരിച്ചു വിടും. തെക്ക് ഭാഗത്ത് നിന്നുള്ള ഗതാഗതം അൽ കസാറത്ത്-സ്ട്രീറ്റ് 33 ജംഗ്ഷനിലെ പുതിയ ഇന്റർസെക്ഷനിലേക്കും തിരിച്ചു വിടും.