സൗദി അറേബ്യയിലെ സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പുകവലിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ഫുട്ബോൾ ഫെഡറേഷൻ. സൗദി ഫുട്ബോൾ ഫെഡറേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരമാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം സൗദിയിലെ സ്റ്റേഡിയങ്ങളിൽ പുകവലിക്കുന്നവർക്ക് 20,000 റിയാൽ പിഴയായി ചുമത്തും.
മത്സരങ്ങൾക്കിടെ മാച്ച് ഒഫീഷ്യലുകൾക്ക് നേരെ തുപ്പുന്ന കളിക്കാരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഒരു ലക്ഷം റിയാൽ പിഴ ചുമത്തുകയും ചെയ്യും. സ്റ്റേഡിയങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതും, സാധനങ്ങൾ വലിച്ചെറിയുന്നതും, അക്രമങ്ങൾ നടത്തുന്നതും ഉൾപ്പെടെയുള്ള ആരാധകരുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തിന് പതിനായിരം മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തപ്പെടും. ഈ ബാധ്യതകളുടെ ഉത്തരവാദിത്വം ക്ലബുകളാണ് ഏറ്റെടുക്കേണ്ടത്. കൂടാതെ വംശീയമായ അധിക്ഷേപം നടത്തുന്നവർക്ക് രണ്ട് ലക്ഷം റിയാൽ പിഴ ചുമത്തുമെന്നും സൗദി ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.