ദുബായ് കാലിഗ്രാഫി ബിനാലെയ്ക്ക് ഒക്ടോബർ 1ന് തുടക്കമാകും. ഒരു കലാരൂപം എന്ന നിലയിൽ കാലിഗ്രാഫിയുടെ പ്രത്യേകത, അറബിക് സംസ്കാരത്തിൽ കയ്യെഴുത്ത്, കയ്യെഴുത്തുശാസ്ത്രം എന്നിവയ്ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നതിനാണ് ബിനാലെ സംഘടിപ്പിക്കുന്നതെന്ന് ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം കലാകാരൻമാർ ദുബായ് കാലിഗ്രാഫി ബിനാലെയിൽ പങ്കെടുക്കും.
ദുബായിലെ 20-ഓളം വേദികളിലായി 15-ലധികം പ്രദർശനങ്ങൾ ബിനാലെയുടെ ഭാഗമായി നടത്തപ്പെടും. എട്ടിലധികം ഭാഷകളിൽ ഒരുക്കിയിട്ടുള്ള കലാരൂപങ്ങളും പ്രദർശനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ പരമ്പരാഗത കാലിഗ്രാഫി രൂപങ്ങളും, സമകാലിക കാലിഗ്രാഫി സൃഷ്ടികളും ഉൾപ്പെടുന്നുണ്ട്. പ്രശസ്തരായ കലാകാരന്മാരും, കാലിഗ്രാഫി വിദഗ്ധരും ഒരുക്കുന്ന 100-ലധികം വർക്ക്ഷോപ്പുകളും ബിനാലെയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടും.