സൗദി അറേബ്യയിൽ പൊതു ഗതാഗത രംഗത്തെ നിയമ ലംഘനങ്ങൾ വർധിച്ചതായി റിപ്പോർട്ട്. 2022ൽ നിയമ ലംഘനങ്ങളിൽ 159 ശതമാനത്തിന്റെ വർധനവുണ്ടായി. റോഡ് മാർഗമുള്ള ചരക്ക് ഗതാഗതങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. 2022ൽ പൊതുഗതാഗത രംഗത്തെ നിയമലംഘനങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. 4,14,000 നിയമ ലംഘനങ്ങൾ കഴിഞ്ഞ വർഷം മാത്രം റിപ്പോർട്ട് ചെയ്തു.
അതേസമയം 2021ൽ ഇത് 1,60,000 ആയിരുന്നു. 159 ശതമാനം വർധനവാണ് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ നിയമ ലംഘനങ്ങളിൽ 37 ശതമാനവും റോഡ് മാർഗമുള്ള ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടുള്ള ലംഘനങ്ങളാണ്. കൂടാതെ 29 ശതമാനം ഓൺലൈൻ ടാക്സി മേഖലയിലും 24 ശതമാനം പബ്ലിക്ക് ടാക്സി, എയർപോർട്ട് ടാക്സി മേഖലയിലുമാണ് കണ്ടെത്തിയിരുന്നത്. ശേഷിക്കുന്ന നിയമ ലംഘനങ്ങൾ ബസ്, കപ്പൽ സർവിസ് മേഖലകളിൽ ഉൾപ്പെട്ടതാണ്. പൊതുഗതാഗത അതോറിറ്റിക്ക് കീഴിലെ ‘വാസൽ പ്ലാറ്റ്ഫോമി’ൽ 3,28,000 വാഹനങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടള്ളത്. വാസൽ പ്ലാറ്റ്ഫോം ഗതാഗത മേഖലാ സ്ഥാപനങ്ങളെ പൊതുഗതാഗത അതോറിറ്റിയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.