ബോളിവുഡ് താര ദമ്പതികൾ ആലിയാ ഭട്ടിനും റൺബീർ കപൂറിനും ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു. ആലിയാ ഭട്ട് തന്നെയാണ് തങ്ങൾ ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന വിശേഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘ഞങ്ങളുടെ കുഞ്ഞ്… ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ സ്കാൻ ചെയ്യുന്നതിന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. റൺബീർ കപൂർ തൊട്ടടുത്തിരിക്കുന്നതും ചിത്രത്തിൽ കാണാം. കമന്റ് സെക്ഷൻ താരങ്ങളും ആരാധകരുമെല്ലാം ആശംസകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്.
ഏപ്രിൽ 14നായിരുന്നു രൺബീർ കപൂറും ആലിയ ഭട്ടും 5 വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിൽ വെച്ചായിരുന്നു വിവാഹാഘോഷ ചടങ്ങുകൾ. സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖരെല്ലാം വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബ്രഹ്മാസ്ത്ര ആണ് ഇരുവരുടേയും ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ആര്യൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ഞിന്റെ വരവോടെ സിനിമയിൽ നിന്ന് ആലിയ ഒരു ചെറിയ ഇടവേളയെടുക്കുമെന്നും അതിന് ശേഷം വീണ്ടും സജീവമാകുമെന്നും കുടുംബത്തോടടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.