തൃശൂരിലെ വൃദ്ധസദനത്തിൽ വച്ച് വിവാഹിതരായ വയോധിക ദമ്പതികളെ മലയാളികൾ മറക്കാനിടയില്ല. ലക്ഷ്മി അമ്മാളും കൊച്ചനിയനുമാണ് അന്ന് വിവാഹിതരായത്. വീണ്ടും ലക്ഷ്മി അമ്മാൾ തനിച്ചായിരിക്കുകയാണ്. മരണം കൊച്ചനിയനെ ലക്ഷ്മി അമ്മാളിൽ നിന്നും തട്ടിയെടുത്തു. അഞ്ച് ദിവസമായി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കൊച്ചനിയൻ.
കൊച്ചനിയന്റെയും ലക്ഷ്മി അമ്മാളിന്റെയും വിവാഹം 2019 ഡിസംബർ 28നായിരുന്നു. ലക്ഷ്മിയമ്മാൾ തൃശൂർ പഴയനടക്കാവ് സ്വദേശിനിയാണ്. പതിനാറാം ലക്ഷ്മി വയസിൽ വിവാഹിതയായിരുന്നു. 48 കാരനായ പാചക സ്വാമിയെന്ന് അറിയപ്പെടുന്ന കൃഷ്ണയ്യർ സ്വാമിയായിരുന്നു ഭർത്താവ്. അക്കാലയളവിൽ വടക്കുംനാഥ ക്ഷേത്രത്തിൽ നാഗസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയൻ. ക്ഷേത്ര ദർശനത്തിന് എത്തുന്ന സ്വാമിയേയും ലക്ഷ്മിയമ്മാളിനെയും കൊച്ചനിയൻ കാണാറുണ്ട്. സൗഹൃദത്തെതുടർന്ന് പിന്നീട് നാഗസ്വരം വായനനിർത്തി കൊച്ചനിയൻ സ്വാമിയുടെ പാചകസഹായിയായിമാറി. 20വർഷംമുമ്പ് കൃഷ്ണസ്വാമി മരിച്ചു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനർവിവാഹം കഴിക്കാൻ കൊച്ചനിയൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല.
കൊച്ചനിയൻ പിന്നീട് വിവാഹിതനായെങ്കിലും വർഷങ്ങൾക്കുമുമ്പ് ഭാര്യ മരിച്ചു. ഒന്നരവർഷത്തിന് ശേഷം ലക്ഷ്മിയമ്മാൾ രാമവർമപുരം വൃദ്ധസദനത്തിലെത്തി. പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം കൊച്ചനിയനും രാമവർമപുരം വൃദ്ധസദനത്തിലേക്ക് മാറിയിരുന്നു. വൃദ്ധസദനങ്ങളിൽ കഴിയുന്നവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിയമപരമായി വിവാഹം കഴിക്കാവുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നൽകിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഇരുവരുടേയും വിവാഹം. ഇതുപ്രകാരം കേരളത്തിൽ നടന്ന ആദ്യവിവാഹമായിരുന്നു രാമവർമപുരം വ്യദ്ധസദനത്തിൽ നടന്നത്.