ജൈവ കോഴി ഉൽപാദനത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുതിയ സംരംഭം ആരംഭിച്ചു. 2033 ഓടെ ജൈവ ഉൽപാദനം അഞ്ചു ശതമാനമായി ഉയർത്താനുള്ള ലക്ഷ്യത്തിന് വേണ്ടിയാണ് പുതിയ പദ്ധതിക്ക് മന്ത്രാലയം തുടക്കമിടുന്നത്. മന്ത്രാലയ അണ്ടർ സെക്രട്ടറി അഹ്മദ് അൽഇയാദയാണ് ഇക്കാര്യം അറിയിച്ചത്. ജൈവ കോഴി ഉൽപാദനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് പൗൾട്രി കമ്പനി ഉടമകളെയും മുതിർന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവ കോഴിഫാമുകൾ സ്ഥാപിക്കാൻ കുറഞ്ഞ നിരക്കിൽ സ്ഥലം ലഭ്യമാക്കുക, ഫാമിന് അനുയോജ്യമായ വായ്പകൾ ലഭ്യമാക്കൽ, നിയമ നിർമാണത്തിലൂടെ സാങ്കേതിക പിന്തുണ നൽകൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. പ്രാദേശിക കോഴി ഉൽപാദനം മതിയായ കാർഷിക മാനദണ്ഡങ്ങളും രീതികളും പാലിച്ചാണ് നടക്കുന്നത്. ഇത് കൂടാതെ പൗൾട്രി മേഖലയിൽ 1,700 കോടി റിയാലിന്റെ പുതിയ നിക്ഷേപങ്ങൾ നടത്താനും 2025 ഓടെ കോഴിയിറച്ചി മേഖലയിൽ 80 ശതമാനമായി സ്വയം പര്യാപ്തത ഉയർത്താനും കോഴി ഉൽപാദന വികസന പദ്ധതി ലക്ഷ്യമിടുന്നു.