ഇറാനിൽ ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തുടർ ചലനങ്ങൾ യുഎഇയിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങിയതായി പറയുന്നു. 7 സെക്കൻഡ് വരെയാണ് ചലനം അനുഭവപ്പെട്ടതെന്നും വീട്ടുസാധനങ്ങൾ നിരങ്ങി നീങ്ങിയതായും പ്രദേശവാസികൾ പറഞ്ഞു. വലിയ നാശനഷ്ടങ്ങളോ ഭയപ്പെടേണ്ട സാഹചര്യമോ ഇല്ലെന്ന് ദേശീയ ഭൗമ പഠനകേന്ദ്രം വാർത്താ കുറിപ്പിൽ അറിയിച്ചു.
പല ആളുകളും തങ്ങൾക്ക് പ്രകമ്പനം അനുഭവപ്പെട്ടതായും ഇത് മുൻപുണ്ടായതിനേക്കാൾ കൂടുതലായിരുന്നുവെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ പറഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
ഇറാനിൽ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. പ്രാദേശിക സമയം ഇന്ന് രാവിലെ 7.37ന് ഇറാനിൽ ഭൂചലനം ഉണ്ടായതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.
യൂറോപ്യൻ – മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പറയുന്നത് പ്രകാരം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 8 കിലോമീറ്റർ താഴ്ചയിൽ തെക്കൻ ഇറാൻ മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്.