2023 ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പിൽ ആവേശോജ്വലമായ മത്സരത്തിനൊടുവിൽ സെമിയില്‍ സീറ്റുറപ്പിച്ച് സ്‌പെയിനും സ്വീഡനും. വാശിയേറിയ ക്വാർട്ടർ മത്സരത്തിൽ സ്പെയിൻ നെതർലൻ്റ്സിനെയും സ്വീഡൻ ജപ്പാനെയുമാണ് കീഴടക്കിയത്. ഇതോടെ സെമിയിൽ സ്വീഡനും സ്പെയിനും പരസ്പരം ഏറ്റുമുട്ടും.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പാനിഷ് പടയുടെ വിജയം. നിശ്ചിത സമയത്ത് 81-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മരിയോണ കാൾഡെന്റെയ് സ്പെയിനിനായി ലീഡ് സമ്മാനിച്ചു. എന്നാൽ ഇൻജുറി ടൈമിൽ സ്റ്റെഫാനി വാൻ ഡെർ ഗ്രാഗ്റ്റിലൂടെ നെതർലൻ്റ്സ് തിരിച്ചടിച്ച് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീട്ടി. എന്നാൽ സൽമ സെലസ്റ്റിയിലൂടെ സ്പെയിൻ വീണ്ടും ലീഡ് നേടി. ഒൻപത് മിനിറ്റ് മാത്രം ശേഷിക്കേ സമനില നേടാനായി നെതർലൻ്റ്സ് ടീം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സ്പെയിൻ സെമിയിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ഇതാദ്യമായാണ് സ്പെയിൻ വനിതാ ലോകകപ്പിന്റെ സെമിയിൽ പ്രവേശിക്കുന്നത്.
ക്വാർട്ടറിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വീഡൻ പരാജയപ്പെടുത്തിയത്. സ്വീഡനുവേണ്ടി 32-ാം മിനിറ്റിൽ അമൻഡ ലെസ്റ്റെഡും 51-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫിലിപ്പ ഏയ്ഞ്ചൽഡാലും ഗോളടിച്ചതോടെ ടീം 2-0 ന് മുന്നിലെത്തി. 87-ാം മിനിറ്റിൽ ഹൊനോക്ക ഹയാഷി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ജപ്പാന് വിജയിക്കാനായില്ല. വനിതാ ലോകകപ്പിൽ സ്വീഡൻ ഇത് അഞ്ചാം തവണയാണ് സെമി ഫൈനലിൽ പ്രവേശിക്കുന്നത്.