പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി.തോമസിനെ തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായതാണ് ജെയ്ക്കിന് മുൻഗണന നൽകിയത്.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മണർകാട് സ്വദേശിയാണ് ജെയ്ക്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക് 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.
ഇന്റർനാഷനൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കോട്ടയം സിഎംഎസ് കോളേജിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദവും നേടി. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും ജെയ്ക് പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് 2016ൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത്.