ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ദുബായിലെ ട്രക്ക്, ഹെവി വാഹനങ്ങളിൽ പരിശോധന നടത്തി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഡ്രൈവർമാർ സുരക്ഷാമുൻകരുതൽ സ്വീകരിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് പ്രധാനമായും പരിശോധന നടത്തിയത്. ട്രാഫിക് സുരക്ഷ പാലിക്കുന്നതിന് ഡ്രൈവർമാർക്കിടയിൽ ബോധവത്കരണം ശക്തമാക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ദുബായിൽ റോഡപകടങ്ങൾ കുറക്കുകയും സുരക്ഷിതമായ ഡ്രൈവിങ് വാഗ്ദാനം ചെയ്യുന്നതിനുമായാണ് പരിശോധന ആരംഭിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾ മാർക്കറ്റ്, എമിറേറ്റ്സ് റോഡ്, ജബൽ അലി ലഹ്ബാബ് റോഡ്, ജബൽ അലി പോർട്ട്, ഫ്രീസോൺ എന്നിവിടങ്ങളിലെ ട്രക്ക് വിശ്രമ കേന്ദ്രങ്ങളിലാണ് കാമ്പയിനിന്റെ ഭാഗമായി പരിശോധന നടത്തിയത്. 800 ട്രക്കുകളിൽ ഇതിനോടകം പരിശോധന നടത്തി ഡ്രൈവർമാർക്ക് ബോധവത്കരണവും നിർദേശങ്ങളും നൽകിയതായി അധികൃതർ അറിയിച്ചു.
ട്രക്ക് ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ, നാല് ഭാഷകളിലെ ട്രാഫിക് സുരക്ഷാ നിയമങ്ങളുടെ പ്രിന്റ് ഔട്ടുകൾ എന്നിവയും അധികൃതർ സമ്മാനിച്ചു. മെക്കാനിക്കൽ, ടയർ പരിശോധന സമയാസമയങ്ങളിൽ പൂർത്തിയാക്കണമെന്നും വാഹനങ്ങളിൽ ചരക്കുകൾ നിശ്ചിത അളവിൽ മാത്രമേ വഹിക്കാൻ പാടുള്ളുവെന്നും അധികൃതർ ഡ്രൈവർമാരോട് നിർദേശിച്ചു.