പതിനഞ്ചാമത് അബുദാബി ആർട്ട് മേളയിൽ മുപ്പത്തൊന്ന് രാജ്യങ്ങൾ പങ്കെടുക്കും. 92 ഗാലറികളാണ് ഇക്കുറി ആർട്ട് മേളയിൽ ഉണ്ടാവുകയെന്നും സംഘാടകർ അറിയിച്ചു. 2023 നവംബർ 22-ന് ആരംഭിക്കുന്ന മേള നവംബർ 26 വരെ നീണ്ടുനിൽക്കും.
മനാരാത് അൽ സാദിയത്തിൽ വെച്ചാണ് അബുദാബി ആർട്ട് മേള സംഘടിപ്പിക്കുന്നത്. പുതിയതായി മുപ്പത്തേഴോളം ഗാലറികളാണ് ഇത്തവണത്തെ അബുദാബി ആർട്ട് മേളയിൽ പങ്കെടുക്കുന്നത്. മേളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മേളയായി പതിനഞ്ചാമത് പതിപ്പ് മാറും.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് മേള സംഘടിപ്പിക്കുന്നത്. കല, സംസ്കാരം എന്നിവയുടെ ആഗോളതലത്തിൽ തന്നെയുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നായി അബുദാബിയെ മാറ്റുന്നതിന് മേള സഹായകമാകുമെന്നും സംഘാടകർ പറഞ്ഞു.
ജോർജിയ, മെക്സിക്കോ, ബ്രസീൽ, സിങ്കപ്പൂർ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഗാലറികൾ അബുദാബി ആർട്ട് മേളയിൽ ആദ്യമായി പങ്കെടുക്കുന്നുണ്ട്. പതിനായിരക്കണക്കിന് കാഴ്ചക്കാർ മേള സന്ദർശിക്കാനെത്തും.