യുഎഇയിലെ ചില സിനിമ റെക്കോർഡുകൾ തകർത്ത് ബാർബി. ആദ്യദിനംതന്നെ ആയിരക്കണക്കിന് ടിക്കറ്റുകൾ വിറ്റഴിക്കുകയും നിരവധി ഷോകൾ പൂർണമായി ബുക്കുചെയ്യുകയും ചെയ്തതായി തിയേറ്റർ ഉടമകൾ പറയുന്നു. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും യുഎഇ ചരിത്രത്തിൽ ബാർബി റിലീസ് റെക്കോർഡുകൾ എഴുതിയെന്നാണ് വിലയിരുത്തൽ.
പഴയ പ്രീ-സെയിൽസ് റെക്കോർഡ് മിഷൻ ഇംപോസിബിളിൻ്റെ പേരിലായിരുന്നു . ബാർബി അതിനെ പരാജയപ്പെടുത്തി. ടിക്കറ്റ് വിൽപ്പന തടസ്സമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇയിലെ റോക്സി സിനിമാസ് ഡയറക്ടർ മുറേ റിയ പറഞ്ഞു. രാവിലെ 10 മണിക്ക് തന്നെ പ്രദർശനങ്ങൾ ആരംഭിച്ച രാജ്യത്തുടനീളമുള്ള തീയറ്ററുകളിൽ സിനിമാ പ്രേമികൾ അണിനിരന്നു.
ദുബായ് മാളിൽ റീൽ സിനിമയുടെ ഏരിയ മുഴുവൻ പിങ്ക് നിറത്തിൽ അലങ്കരിച്ചിരുന്നു. ഓരോ തിരിവിലും പിങ്ക് നിറത്തിലുള്ള പോസ്റ്ററുകളും ജീവനുള്ള കട്ടൗട്ടുകളും ഉപയോഗിച്ചാണ് സിനിമാ പ്രേക്ഷകരെ വരവേറ്റത്. സ്നാക്ക് ബോക്സുകളും ലിഫ്റ്റുകളും പിങ്ക് നിറത്തിൽ അണിഞ്ഞൊരുങ്ങിയതും പ്രത്യേകതയായി.
അതേസമയം 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സിനിമ കാണുന്നതിൽ യുഎഇ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജിസിസിയിലുടനീളമുള്ള എല്ലാ തിയേറ്ററുകളിലും തീരുമാനം കർശനമായി പാലിക്കുന്നുണ്ടെന്ന് ടിക്കറ്റിംഗ് ഉദ്യോഗസ്ഥർ പറഞ്ഞു. അതുകൊണ്ടുതന്നെ ബാർബി ആരാധകരായ കുട്ടികളേയുംകൊണ്ട് സിനിമ കാണാനെത്തിയ ചില കുടുംബങ്ങൾക്ക് നിരാശരാകേണ്ടിവന്നു.
കഴിഞ്ഞ ജൂലൈയിൽ റിലീസാവുകയും ലോകമാകെ റെക്കോർഡ് കളക്ഷൻ നേടുകയും ചെയ്ത ചിത്രമാണ് ബാർബി. എന്നാൽ സിനിമയുടെ ഉളളടക്കവുമായി ബന്ധപ്പെട്ട് യുഎഇ ഉൾപ്പെട ഗൾഫ് രാജ്യങ്ങൾ സിനിമ പ്രദർശനത്തിന് അനുമതി നൽകിയിരുന്നില്ല. തുടർന്ന് മാനദണ്ഡങ്ങൾ അനുസരിച്ച് സിനിമ പ്രദർശിപ്പിക്കാൻ യുഎഇ മീഡിയ കൌൺസിൽ അംഗീകാരം നൽകുകയായിരുന്നു.