2023 ലോകകപ്പ് മത്സരങ്ങളുടെ തിയതികൾ പുനഃക്രമീകരിച്ച് ഐ.സി.സി. ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടമുൾപ്പെടെ ഒമ്പത് മത്സരങ്ങളുടെ തീയതികളാണ് മാറ്റിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ഒക്ടോബർ 14-ന് അഹമ്മദാബാദിൽ നടക്കും. നേരത്തേ ഒക്ടോബർ 15-നാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. മത്സരക്രമത്തില്‍ മാറ്റം ആവശ്യപ്പെട്ട് മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകളും ഐസിസിയെ സമീപിച്ചതോടെയാണ് ഈ തീരുമാനം.
ഒക്ടോബർ 14-ന് ഡൽഹിയിൽ നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടും അഫ്ഗാനിസ്താനും തമ്മിലുള്ള മത്സരം ഒക്ടോബർ 15-ന് നടക്കും. ഇംഗ്ലണ്ട്-ബംഗ്ലാദേശ്, പാകിസ്താൻ-ശ്രീലങ്ക മത്സരങ്ങൾ ഒക്ടോബർ 10-നും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം ഒക്ടോബർ 12-നും ന്യൂസിലാൻഡും ബംഗ്ലാദേശുമായുള്ള മത്സരം ഒക്ടോബർ 13-ന് നടത്തപ്പെടും.
മത്സരക്രമത്തിൽ മാറ്റം ആവശ്യപ്പെട്ട് മൂന്ന് ക്രിക്കറ്റ് ബോർഡുകളും ഐസിസിക്ക് കത്തെഴുതിയതിനെ തുടർന്ന് ഏകദിന ലോകകപ്പിന്റെ തിയതിയിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ അറിയിച്ചിരുന്നു. മത്സരങ്ങൾ തമ്മിലുള്ള ഇടവേള 4-5 ദിവസമാക്കി കുറയ്ക്കാൻ മത്സരങ്ങളുടെ തിയതികളും സമയവും മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. എന്നാൽ വേദികളുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.