2023ൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിയ കായികതാരമായി മാറി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 136 മില്യൺ ഡോളറാണ് (ഏകദേശം 1,000 കോടി രൂപ) താരം ഈ വർഷം ശമ്പളയിനത്തിൽ വാങ്ങിയത്. സൗദി പ്രോ ലീഗിൽ അൽനസ്ർ എഫ്സിക്ക് വേണ്ടിയാണ് റൊണൾഡോ ഇപ്പോൾ ബൂട്ടണിയുന്നത്. യു.എസ് ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്ന ലയണൽ മെസിയാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. 130 മില്യൺ ഡോളറാണ് അർജന്റീനൻ താരത്തിന്റെ വരുമാനം.
കഴിഞ്ഞ ജനുവരിയിലാണ് റൊണാൾഡോ സൗദി അറേബ്യൻ ക്ലബിലെത്തുന്നത്. 1,700 കോടി വാർഷിക പ്രതിഫലമുള്ള അൽനസ്റുമായി രണ്ടരവർഷമാണ് കരാർ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഇന്റർ മിയാമി 492 കോടി രൂപ വാർഷിക പ്രതിഫലത്തിലാണ് മെസിയെ സ്വന്തമാക്കിയത്. ഗ്ലോബൽ ഇൻഡക്സാണ് കായിക താരങ്ങളുടെ ശമ്പളവിവരം പുറത്തുവിട്ടത്. ലിസ്റ്റിൽ ആദ്യ മൂന്നു സ്ഥാനങ്ങളും നേടിയിരിക്കുന്നത് ഫുട്ബോൾ താരങ്ങളാണ്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് ലിസ്റ്റിൽ മൂന്നാമൻ. നിലവിൽ പിഎസ്ജിക്കായി കളിക്കുന്ന താരം 120 മില്യൺ ഡോളറാണ് ശമ്പളമായി വാങ്ങിയത്.
അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം ലിബ്രോൺ ജെയിംസ് (119.5 മില്യൺ ഡോളർ) നാലാമതും മെക്സിക്കൻ പ്രൊഫഷണൽ ബോക്സർ കനലോ അൽവാരസ് (110 മില്യൺ ഡോളർ) അഞ്ചാമതും അമേരിക്കൻ പ്രൊഫഷണൽ ഗോൾഫർ ഡസ്റ്റിൻ ജോൺസൺ (107 മില്യൺ ഡോളർ) ആറാമതുമാണ്. ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ 85 മില്യൺ ഡോളർ വരുമാനവുമായി 12-ാം സ്ഥാനത്തുമാണുള്ളത്.