മക്ക, മദീന പള്ളികളുടെ ചുമതല പുതിയ സമിതിക്ക് കൈമാറി. മദീനയിലെ പ്രവാചക പള്ളിയുടെയും മക്കയിലെ മസ്ജിദുൽ ഹറം പള്ളിയുടെയും മേൽനോട്ട ചുമതലകളാണ് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ നിയന്ത്രണത്തിലുള്ള പുതിയ സമിതിക്ക് നൽകിയത്. സർക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സമിതിയെ മാറ്റിയാണ് ഭരണാധികാരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പുതിയ സമിതി രൂപീകരിച്ചത്.
പുതിയ സമിതിക്ക് പള്ളികളുടെ ഭരണപരവും സാമ്പത്തികപരവുമായ കാര്യങ്ങളിൽ കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. ഇരുപള്ളികളിലെയും പ്രാർത്ഥനകൾ, അനുബന്ധ ചടങ്ങുകൾ, മത പഠനം തുടങ്ങിയ കാര്യങ്ങളിൽ പുതിയ സമിതിയായിരിക്കും മേൽനോട്ടം വഹിക്കുക. പള്ളികളുടെ മതകാര്യ വിഭാഗത്തിന്റെ തലവനായി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദായിസിനെയും നിയമിച്ചു.