മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. തീയേറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കിയ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. തന്റെ ചിത്രങ്ങളിലെല്ലാം കോമഡിക്ക് വളരെ പ്രാധാന്യം നൽകാറുണ്ട് അദ്ദേഹം. റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ടു ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ എന്നിങ്ങനെ നീളുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ജനങ്ങൾ ഇരുകയ്യുംനീട്ടി സ്വീകരിച്ചവയാണ്.
മഹാദേവൻ, ഗോവിന്ദൻ കുട്ടി, തോമസ് കുട്ടി, അപ്പുക്കുട്ടൻ എന്നീ നാൽവർ സംഘത്തിന്റെ കഥ പറയുന്ന ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ഡയലോഗുകൾ മലയാളികൾ എക്കാലവും ഓർത്തിരിക്കുന്നവയാണ്. പ്രേഷകർ ഏറ്റെടുത്തതുകൊണ്ടുതന്നെ പിന്നീട് ഈ ചിത്രങ്ങളുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ഇതിന് പുറമെ എക്കാലത്തെയും മികച്ച കോമഡികൾ സമ്മാനിച്ച റാംജി റാവു സ്പീക്കിങും വിയറ്റ്നാം കോളനിയുമെല്ലാം മലയാളികൾ ഇരുകയ്യുംനീട്ടി സ്വീകരിച്ചവയാണ്. മലയാളത്തിലെ ഹിറ്റ് സിനിമയായ മണിച്ചിത്രത്താഴിലെ ഹാസ്യരംഗങ്ങൾക്ക് പിന്നിലും സിദ്ദിഖിന്റെ കയ്യൊപ്പുണ്ട്.
മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ഗോഡ്ഫാദറിലെ ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും ഹിറ്റ്ലറിലെ മാധവൻ കുട്ടിയും റാംജി റാവു സ്പീക്കിങിലെ മാന്നാർ മത്തായിയും വിയറ്റ്നാം കോളനിയിലെ ജോസഫുമെല്ലാം അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്. ഇന്നും മലയാളികൾ പലപ്പോഴായി ഉപയോഗിക്കുന്ന കോമഡി ഡയലോഗുകളിൽ ഏറിയപങ്കും സിദ്ദിഖ് സിനിമകളിൽ നിന്നുള്ളവ തന്നെയാണ്. സിദ്ദിഖ് ലാലിന് മുൻപോ ശേഷമോ മലയാളിയുടെ നർമബോധത്തെ ഇത്രയും രസിപ്പിച്ച ചിത്രങ്ങൾ വേറെയില്ല. എണ്‍പതുകളില്‍ ജനപ്രിയമായ മിമിക്സ് പരേഡിന്റെ ശില്പികളില് പ്രധാനിയായ സിദ്ദിഖ് ആയിരക്കണക്കിന് വേദികളില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടിച്ചിരുന്നു. തന്റെ ചിത്രങ്ങളിലൂടെയും അദ്ദേഹം അത് തുടരുകയായിരുന്നു.