ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിക്കുന്ന കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിക്കുന്ന കഫ് സിറപ്പ് ഗുണനിലവാരമില്ലാത്താതാണെന്ന് ഡബ്ല്യുഎച്ച്ഒ ഇറാഖിൽ മുന്നറിയിപ്പ് നൽകി.
‘കോൾഡ് ഔട്ട്’ സിറപ്പാണ് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഡാബിലൈഫ് ഫാർമ പ്രൈവറ്റ് ലിമിറ്റഡിനായി തമിഴ്നാട് ആസ്ഥാനമായുള്ള ഫോർട്ട്സ് (ഇന്ത്യ) ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡാണ് മരുന്ന് നിർമ്മിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ത്യൻ നിർമ്മിത മരുന്നുകൾക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിക്കുന്നത്.
‘കോൾഡ് ഔട്ട്’ കഫ് സിറപ്പിന്റെ സാമ്പിളിൽ ഉയർന്ന അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും (0.25%), എത്തിലീൻ ഗ്ലൈക്കോളും (2.1%) കണ്ടെത്തി. അനുവദനീയ പരിധിയിൽ (0.10% ) കൂടുതലായിരുന്നു മരുന്ന് സാമ്പിളിൽ ഇവയുടെ അളവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. കഴിഞ്ഞവർഷം ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് ഗാംബിയയിലും ഉസ്ബസ്ക്കിസ്ഥാനിലുമായി 84 കുട്ടികളാണ് മരിച്ചത്.