സുരക്ഷിത വേനൽക്കാലം എന്ന പേരിൽ ആരോഗ്യ സംരക്ഷണ പരിപാടികൾക്ക് തുടക്കംകുറിച്ച് ദുബായ് മുനിസിപ്പാലിറ്റി. യുഎഇയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയെ മുൻനിറുത്തിയാണ് മുനിസിപ്പാലിറ്റി പുതിയ ബോധവത്കരണ പരിപാടി ആരംഭിച്ചത്. വേനൽച്ചൂട് കാരണം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിവിധ തൊഴിൽ മേഖലകൾ, വീടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥർ സുരക്ഷാ നടപടികൾ ഉറപ്പാക്കും.
നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ശരീരത്തെ സംരക്ഷിക്കുന്നതിനും ചൂടുമൂലം ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ഇല്ലാതാക്കുന്നതിനും പാലിക്കേണ്ട മുൻകരുതലുകളാണ് മുനിസിപ്പാലിറ്റി നൽകുന്നത്. വീടുകളിലും ഓഫീസുകളിലും എയർ കണ്ടീഷൻ സംവിധാനം പ്രവർത്തന ക്ഷമമാണെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും വീടുകൾക്കുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. അടുക്കളയിൽ വാതക സിലിണ്ടറുകൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അധികൃതർ ജനങ്ങളെ ബോധവൽക്കരിക്കും.
മുങ്ങിമരണം പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൊതു നീന്തൽ കുളങ്ങളിലും ബീച്ചുകളിലും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളേക്കുറിച്ചും സൗന്ദര്യ വർധക വസ്തുക്കൾ, ആരോഗ്യ സംരക്ഷണ പാനീയങ്ങൾ തുടങ്ങിയവ കൃത്യമായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും അധികൃതർ വിശദീകരിക്കും. ഈ മാസം മുഴുവൻ പ്രചാരണ പരിപാടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.