വനിതാ ഫുട്ബോൾ ലോകകപ്പിൽ കരുത്തരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ക്വാർട്ടർ ഫൈനലിൽ. ഇംഗ്ലണ്ട് നൈജീരിയയെയും ഓസ്ട്രേലിയ ഡെന്മാർക്കിനെയും പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ഫൈനലിൽ ഇടംനേടിയത്. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവിൽ ഇംഗ്ലണ്ട് നൈജീരിയയോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി ബെഥാനി ഇംഗ്ലണ്ട്, റേച്ചൽ ഡാലി, അലെക്സ് ഗ്രീൻവുഡ്, ഷോൾ കെല്ലി എന്നിവർ വിജയിച്ചുനിന്നു. നൈജീരിയയ്ക്ക് വേണ്ടി റഷീദത്ത് അജ്ബാദെയും ക്രിസ്റ്റി ഉഷെയ്ബിയും മാത്രമാണ് സ്കോർ ചെയ്തത്. മത്സരത്തിനിടെ 87-ാം മിനിറ്റിൽ ഇംഗ്ലീഷ് സൂപ്പർതാരം ലോറൻ ജെയിംസ് റെഡ്കാർഡ് കണ്ട് പുറത്തായി. അതിനാൽ താരത്തിന് ക്വാർട്ടർ ഫൈനൽ മത്സരം നഷ്ടമായേക്കും.
ഓസ്ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഡെന്മാർക്കിനെ തകർത്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി കൈറ്റ്ലിൻ ഫൂർഡും ഹെയ്ലി റാസോയും ഗോൾനേടി. 29-ാം മിനിറ്റിൽ ഫൂർഡിലൂടെയാണ് ഓസ്ട്രേലിയ ലീഡ് നേടിയത്. രണ്ടാം പകുതിയിൽ റാസോയിലൂടെ ആതിഥേയരായ ഓസ്ട്രേലിയ ലീഡ് രണ്ടാക്കിയും ഉയർത്തുകയായിരുന്നു.