അയൽ രാജ്യങ്ങളിലെ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യാചക സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ അയൽരാജ്യക്കാരാണെന്ന് അവകാശപ്പെട്ട് ജനങ്ങളിൽ നിന്ന് സഹതാപം നേടിയായിരുന്നു ഭിക്ഷാടനം നടത്തിവന്നത്. കൂടാതെ സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചായിരുന്നു സംഘം പ്രധാനമായും പ്രവർത്തിച്ചുവന്നിരുന്നതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.
പ്രതികൾക്ക് അയൽരാജ്യത്തെ നമ്പർ പ്ലേറ്റുകൾ എങ്ങനെയാണ് ലഭിച്ചതെന്ന് വ്യക്തമല്ല. പൊലീസ് പുറത്തുവിട്ട ഫോട്ടോയിൽ അഞ്ച് പ്രതികളും അവരിൽ നിന്ന് പിടികൂടിയ മൂന്ന് വാഹനങ്ങളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ജനങ്ങളുടെ വികാരങ്ങൾ ചൂഷണം ചെയ്യുന്നതിനും നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നതിനും യാചകർ ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് പൊതുജനം ബോധവാന്മാരാകണമെന്ന് അധികൃതർ അറിയിച്ചു.
ഭിക്ഷാടകർ പ്രധാനമായും പള്ളികൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, കടകൾ, റോഡുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഭിക്ഷാടകരെ കണ്ടാൽ ഉടൻ 901 എന്ന നമ്പറിലോ പൊലീസ് ആപ്പിലോ വിവരം നൽകണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.