രാജ്യത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പുവരുത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ ധനമന്ത്രാലയം. ദുബായ് ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. രാജ്യാന്തര സാമ്പത്തിക സഹകരണങ്ങൾ വർധിപ്പിക്കുക, ഗൾഫ് രാജ്യങ്ങളുമായി സാമ്പത്തിക രംഗത്ത് യോജിച്ചുള്ള മുന്നണി രൂപപ്പെടുത്തുക, രാജ്യാന്തര നികുതി സംവിധാനം വികസിപ്പിക്കുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് സാമ്പത്തിക രംഗത്ത് യോജിച്ചുള്ള മുന്നണി രൂപപ്പെടുത്തുക, വളർച്ചയ്ക്ക് ഗുണകരമാകുന്ന നിലയിൽ സുസ്ഥിര സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തി നടപ്പാക്കുക, വിവിധ മേഖലയിൽ കഴിവുള്ളവർക്ക് പ്രാധാന്യം നൽകുക, മനുഷ്യരുടെ കഴിവുകൾ ശക്തീകരിക്കാൻ ആവശ്യമായ പിന്തുണ സർക്കാർ തലത്തിൽ ഉറപ്പിക്കുക, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കുക, മികച്ച പ്രഫഷനലുകൾക്ക് എഐ അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നിവയും യുഎഇയുടെ സാമ്പത്തിക വികസന പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.
2023 മുതൽ 2026 വരെയുള്ള കാലയളവിലേക്കുള്ള പദ്ധതിയിൽ സാമ്പത്തിക വികസനത്തിനായുള്ള നൂതന അശയങ്ങൾ, ദീർഘവീക്ഷണം, ധനപരമായ സുസ്ഥിരത എന്നിവയിലൂന്നിയുള്ള സർക്കാറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ്. കൂടാതെ രാജ്യത്തിന്റെ ബജറ്റ് ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി വിശ്വാസവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനുള്ള നയങ്ങളും യുഎഇ രൂപീകരിക്കും.