ലോകം നേരിടുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ വെല്ലുവിളി മറികടക്കാൻ കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്ന് യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. ന്യൂയോർക്കിൽ നടന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ യുഎഇ സഹമന്ത്രി നൂറ അൽ കാബിയാണ് ഇക്കാര്യം അവതരിപ്പിച്ചത്.
ആരും പട്ടിണി അനുഭവിക്കരുത് , കൂട്ടായ ശ്രമത്തിലൂടെ ഭക്ഷ്യ അരക്ഷിതാവസ്ഥ അവസാനിപ്പിക്കാൻ ശ്രമം വേണമെന്നും നൂറ അൽ കാബി വ്യക്തമാക്കി. ഇതിനായി അന്താരാഷ്ട്ര തലത്തിലും പ്രാദേശികതലത്തിലുമുളള വേദികൾ പ്രയോജനപ്പെടുത്തണെന്നും നൂറ അൽ കാബി പറഞ്ഞു.വർദ്ധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്ക് പ്രധാന വെല്ലുവിളിയാകുന്നത് കാലാവസ്ഥാ വ്യതിയാനമാണെന്നും നൂറ അൽ കാബി ഓർമ്മിപ്പിച്ചു.
പ്രതിസന്ധിയെ നേരിടാനുള്ള യുഎഇയുടെ ശ്രമങ്ങളും അൽ കാബി എടുത്തുപറഞ്ഞു. യുഎഇയും യുഎസും സംയുക്തമായി കാലാവസ്ഥയ്ക്കായുള്ള അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 13 ബില്യൺ ഡോളറിലധികം സമാഹരിച്ചിട്ടുണ്ടെന്നും അൽ കാബി കൂട്ടിച്ചേർത്തു. ന്യൂയോർക്ക് സന്ദർശന വേളയിൽ മിസ് അൽ കാബി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ, ജപ്പാൻ വിദേശകാര്യ മന്ത്രി യമദ കെൻജി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ഈ വർഷം അവസാനം ദുബായിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ് 28 ന്റെ അജണ്ടയിലെ പ്രധാന വിഷയങ്ങളിലൊന്നാണ് ഭക്ഷ്യ അരക്ഷിതാവസ്ഥ.