ഭിന്നശേഷിക്കാർക്ക് ഷാർജയിൽ കാർ പാർക്കിങ് സുഗമമാക്കി. ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് എമിറേറ്റിൽ തടസമില്ലാതെ കാറുകൾ പാർക്ക് ചെയ്യാൻ പുതിയ ഓൺലൈൻ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഷാർജ മുനിസിപ്പാലിറ്റി. രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങൾ നൽകുന്ന ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള കാർഡുകൾ മുനിസിപ്പാലിറ്റിയുടെ പൊതു പാർക്കിങ് സംവിധാനവുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. അതിനാൽ ഇനി കാറുകളുടെ വിൻഷീൽഡിൽ ഭിന്നശേഷി കാർഡുകൾ പ്രദർശിപ്പിക്കാതെ പൊതു പാർക്കിങ് ഏരിയകളിൽ സൗജന്യമായി കാർ പാർക്ക് ചെയ്യാൻ സാധിക്കും.
കാർ പാർക്കിങ് സബ്സ്ക്രിപ്ഷൻ പുതുക്കുന്നതിനായി ഭിന്നശേഷിക്കാർക്ക് ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട് മുനിസിപ്പാലിറ്റി. ഷാർജ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിൽ പ്രത്യേക സൗകര്യവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ സ്മാർട്ട് ആന്റ് ഇലക്ട്രോണിക് സർവ്വീസസ് എന്ന പേജിൽ പ്രവേശിച്ച് പൊതു പാർക്കിങ് സേവനം എന്ന ഭാഗം സെലക്ട് ചെയ്താണ് ഭിന്നശേഷി പാർക്കിങ് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം എമിറേറ്റ്സ് ഐഡി, വാഹനത്തിന്റെ രജിസ്ട്രേഷൻ കാർഡ്, ഭിന്ന ശേഷി തെളിയിക്കുന്ന കാർഡ് എന്നിവ അപ്ലോഡും ചെയ്യണം.
രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ പൊതു പാർക്കിങ് ഇടങ്ങളിൽ കാർ പാർക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ സ്കാനിങ്ങിലൂടെ വൈകല്യ പെർമിറ്റ് തിരിച്ചറിയപ്പെടും. ഭിന്നശേഷിക്കാർക്കായി ഷാർജയിലെ 66,000ത്തിലധികം പാർക്കിങ് സ്ഥലങ്ങളിൽ ഇതിന്റെ പ്രയോജനം ലഭ്യമാകും.