മലയാള സിനിമാ താരം മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയിലൂടെ ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു. കണ്ണൂർ ജില്ലയിലെ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ ആവശ്യകതയെ കുറിച്ച് ഫുട്ബോൾ താരം സി കെ വിനീത് ആണ് മമ്മൂട്ടിയെ അറിയിച്ചത്. ഇതിനെ തുടർന്നാണ് ഓക്സിജൻ കോൺസെൻട്രേറ്റർ ജില്ലയിലേക്ക് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടന വഴി താരം നൽകിയത്.
സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം വികെ സനോജിൽ നിന്ന് കണ്ണൂർ ജില്ലയിലെ സാന്ത്വന പരിചരണ രംഗത്തെ സ്ഥാപനമായ ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഭാരവാഹികൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഏറ്റുവാങ്ങി. ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യമായി വരുന്ന കിടപ്പ് രോഗികൾക്കും അവരെ പരിചരിക്കുന്ന ഇതര സ്ഥാപനങ്ങള്‍ക്കും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്കുന്ന പദ്ധതിയാണ് ഇത്. ചടങ്ങില്‍ ഐ.ആര്.പി.സി അംഗങ്ങളായ രാജേഷ്, ഷാജി എന്നിവരും പങ്കെടുത്തു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഏറ്റവും ഒടുവിലായി ആരംഭിച്ച പദ്ധതിയാണ് ആ ‘ശ്വാസം’.