ചെമ്മീൻ വിളവെടുപ്പ് സീസണിന് തുടക്കംകുറിച്ച് സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ പ്രാദേശിക മത്സ്യവിപണികളിൽ ആദ്യ ചെമ്മീനെത്തി. എല്ലാ വർഷവും ഓഗസ്റ്റ് ആദ്യ ദിവസമാണ് ചെമ്മീൻ വിളവെടുപ്പ് ആരംഭിക്കുന്നത്. ആറ് മാസം നീണ്ടുനിൽക്കുന്നതാണ് സൗദിയിലെ ചെമ്മീൻ സീസൺ. ചെമ്മീൻ കൃഷിയുടെ സംരക്ഷണത്തിനായി വർഷത്തിന്റെ പകുതിയോളം ചെമ്മീൻ പിടിക്കുന്നതിന് മേഖലയിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രവിശ്യയിൽ കഴിഞ്ഞ വർഷം അൽ ഖത്തീഫിലും ജുബൈലിലും 646 ബോട്ടുകൾ 10,254 ടൺ ചെമ്മീനാണ് വിപണിയിലെത്തിച്ചത്. 16 കിലോ തൂക്കമുള്ള ഒരു കൂട്ടം ചെറിയ ചെമ്മീനുകൾക്ക് 400 റിയാൽ, ഇടത്തരം വലിപ്പമുള്ളതിന് 500 റിയാൽ, വലുതിന് 700 റിയാൽ, ഏറ്റവും വലിയ വലുപ്പത്തിന് 1,000 റിയാൽ എന്നിങ്ങനെയാണ് വില പ്രതീക്ഷിക്കുന്നത്.
വടക്ക് അൽഖഫ്ജി മുതൽ അൽ അഹ്സയുടെ തെക്ക് ഉഖൈർ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയുടെ തീരത്തുള്ള എല്ലാ ചെമ്മീൻ ബോട്ടുകൾക്കും മന്ത്രാലയത്തിന്റെ കിഴക്കൻ പ്രവിശ്യാ ബ്രാഞ്ച്, ചെമ്മീൻ മത്സ്യബന്ധന പെർമിറ്റ് നൽകുന്നത് ഇപ്പോൾ തുടരുകയാണ്. ചെമ്മീൻ വളരുന്ന കേന്ദ്രങ്ങളിൽ ചെമ്മീനുകളുടെ പ്രജനനത്തിനായി അവസരം നൽകുകയും അതുവഴി ചെമ്മീൻ സമ്പത്ത് വളർത്തുകയുമാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്.