കോപ ലിബർട്ടറോസ് ഫുട്ബോൾ മത്സരത്തിനിടെ ബ്രസീൽ താരം മാർസെലോയുടെ ഫൗളിൽ അര്‍ജന്റീന ഫുട്ബോൾ താരത്തിന്റെ കാലൊടിഞ്ഞു. അർജന്റീനോസ് ജൂനിയേഴ്സ് പ്രതിരോധ താരമായ ടീമിന്റെ 29 വയസ്സുകാരൻ ലുസിയാനോ സാഞ്ചസിനാണ് മത്സരത്തിനിടെ പരുക്കേറ്റത്. പന്ത് തടയാൻ ശ്രമിക്കുന്നതിനിടെ മാർസെലോ ഫൗൾ ചെയ്തു. താരത്തിന്റെ കാൽമുട്ടിന് താഴേക്കുള്ള ഭാഗം ഒടിയുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു.
വേദനകൊണ്ട് പുളഞ്ഞ് ഗ്രൗണ്ടിൽ വീണ അർജന്റീന താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരിക്കുകയാണ്. ബ്യൂനസ് ഐറിസിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിനിടെയാണ് ഈ ഞെട്ടിച്ച സംഭവം ഉണ്ടായത്. താരത്തിനു പരുക്കേൽക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതേസമയം റയൽ മാഡ്രിഡ് മുൻ താരം കൂടിയായ മാര്‍സെലോ ഫൗളിന്റെ പേരിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി. കരഞ്ഞുകൊണ്ടാണ് മാർസെലോ ഗ്രൗണ്ട് വിട്ടത്.
പിന്നീട് ബുദ്ധിമുട്ടേറിയ നിമിഷമായിരുന്നു നേരിടേണ്ടി വന്നതെന്ന് മാർസെലോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അദ്ദേഹത്തെ പരുക്കേൽപിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എത്രയും പെട്ടെന്നു പരുക്കുമാറി അദ്ദേഹം കരുത്താർജിക്കട്ടെയെന്നും മാർസെലോ പ്രതികരിച്ചു. മറഡോണ സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദ മത്സരം 1–1ന് ഇരു ടീമും സമനിലയിൽ പിരിയുകയായിരുന്നു.