അബുദാബി എമിറേറ്റിൽ വർധിച്ചുവരുന്ന തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സുരക്ഷിതമായ പ്രവർത്തനങ്ങളെക്കുറിച്ച് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് (ഡിഎംടി) ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. തെരുവ് നായ്ക്കളുടെ പ്രശ്നം പരിഹരിക്കാനും എമിറേറ്റിൽ ഉത്തരവാദിത്തമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം.
എമിറേറ്റിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കുന്നതിനൊപ്പം പൊതുജനാരോഗ്യവും സുരക്ഷയും ശക്തമാക്കുകയും ലക്ഷ്യമാണ്.
ഡിഎംടിയുടെ വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രചാരണം നടത്തുന്നത്. ഉത്തരവാദിത്തമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുന്നതിനും മുൻതൂക്കം നൽകുമെന്ന് അധികൃതർ അറിയിച്ചു.
നായ്ക്കളെ പരിസരത്ത് ഭക്ഷണ പാഴ്വസ്തുക്കൾ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. വളർത്തു നായ്ക്കളെ ഉൾപ്പെടെ വന്ധ്യംകരിക്കുന്നത് ഫലം ചെയ്യുമെന്നാണ് വിലയിരുത്തൽ. പ്രശ്നപരിഹാരത്തിനായി അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ സംരക്ഷണം, വന്ധ്യംകരണം, അവയെ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശം, ബോധവൽക്കരണം തുടങ്ങി വിവധ സേവനങ്ങളാണ് നൽകിവരുന്നത്.