സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്നും സ്പീക്കർ മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഇക്കാര്യത്തിൽ മറ്റ് ഹിന്ദു സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും ചേർന്നു പ്രവർത്തിക്കും. ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സർക്കാരിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന, അസംബ്ലിയുടെ സ്പീക്കർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ വിശ്വാസത്തെയും ഒരു വിഭാഗം വിശ്വാസികൾ ആരാധിക്കുന്ന ഈശ്വരനെയും അങ്ങേയറ്റം അധിക്ഷേപിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും സംസാരിച്ചത് ഞങ്ങളുടെ ചങ്കിലാണ് തറച്ചിരിക്കുകയാണ്. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഹിന്ദുക്കൾക്ക് കേരളത്തിലെ എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിച്ചുകൊണ്ട് എല്ലാവരോടും സഹവർത്തിത്വത്തോടുകൂടി ഒരു മതവിഭാഗത്തെയും വിമർശിക്കാതെ അവർക്കുള്ള ആരാധനാ സ്വാതന്ത്ര്യം എല്ലാം ശരിവച്ച് മുന്നോട്ടു പോകുന്ന ഒരു പാരമ്പര്യമാണ് ഉള്ളത്. മാത്രമല്ല ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടയാൾ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഇത്തരത്തിൽ നിന്ദവും നീചവുമായി നമ്മൾ ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാൻ ശ്രമിച്ചാൽ എല്ലാ തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിർപ്പിനെ അവർ നേരിടേണ്ടി വരും’ എന്ന് അദ്ദേഹം പറഞ്ഞു.
‘ഹിന്ദു സംഘടനകൾ, ആർഎസ്എസ്, ബിജെപി, രാഷ്ട്രീയ പാർട്ടികൾ എല്ലാംതന്നെ ഇതിനെതിരെ വളരെ സജീവമായി രംഗത്തുവന്നിട്ടുണ്ട്. അവരോടൊപ്പം എൻഎസ്എസും വളരെ സജീവമായി യോജിച്ച് പ്രവർത്തിക്കും. കാരണം ഇത് വിശ്വാസത്തിന്റെ കാര്യമാണ്. ശബരിമല വിഷയത്തിൽ അതിന്റെ തുടക്കം മുതൽ അവസാനം വരെ അതിന്റെ വിജയത്തിലെത്തിക്കാൻ മുന്നിൽ നിന്ന പ്രസ്ഥാനമാണ് നായർ സർവ്വീസ് സൊസൈറ്റി. ഇവിടെയും അങ്ങനെയൊരു നിലപാടാണ് സ്വീകരിക്കുന്നത്. അതിന്റെ സൂചനയെന്നോണം ഇന്ന് വിശ്വാസസംരക്ഷണ ദിനമായി കേരളം മുഴുവൻ യാതൊരു പ്രകോപനവുമുണ്ടാക്കാതെ അചരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിവാദ പരാമർശം നടത്തിയെന്ന ആരോപണം നേരിടുന്ന സ്പീക്കർ എ.എൻ.ഷംസീർ ഇന്ന് മാധ്യമങ്ങളെ കാണും.