വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ വിൻഡീസിനെ 200 റൺസിന് തകർത്താണ് ഹാർദിക് പാണ്ഡ്യയും സംഘവും പരമ്പര നേടിയത്. ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവർ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. ഇവർക്കൊപ്പം ബൗളർമാരും തോളോടുതോൾ ചേർന്ന് നിന്നതോടെ വിൻഡീസിന് ഇന്ത്യൻ സഖ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
ഇന്ത്യ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസ് 35.3 ഓവറിൽ വെറും 151 റൺസിന് ഓൾ ഔട്ടായി. മത്സരത്തിലെ താരമായി ശുഭ്മാൻ ഗിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇഷാൻ കിഷനാണ് പരമ്പരയുടെ താരം. ടോസ് നേടിയ വിൻഡീസ് ബാറ്റിങ്ങിന് അയച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഇഷൻ കിഷനും (77) ശുഭ്മൻ ഗില്ലും (85) ചേർന്നു നൽകിയത്. ഒന്നാം വിക്കറ്റിൽ 19.4 ഓവറിൽ 143 റൺസ് ഇരുവരും ചേർന്ന് സ്വന്തമാക്കി. പരമ്പരയിൽ ഇഷന്റെ മൂന്നാം അർധ സെഞ്ചറിയാണിത്.
ഇഷൻ പുറത്തായതിന് പിന്നാലെ എത്തിയ ഋതുരാജ് ഗെയ്ക് വാദ് (8) നിരാശപ്പെടുത്തിയെങ്കിലും മലയാളി താരം സഞ്ജു സാംസൺ (51) കൂറ്റൻ ബാറ്റിങ്ങിലൂടെ ഇന്നിങ്സിന് വേഗത കൂട്ടി. ബ്രയാൻ ലാറ സ്റ്റേഡിയത്തിലെ സ്ലോ പിച്ചിൽ, 41 പന്തിൽ 4 സിക്സും 2 ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തിൽ തന്നെ പുറത്താക്കിയ വിൻഡീസ് ലെഗ് സ്പിന്നർ യാനിക് കാരിയയെ തിരഞ്ഞുപിടിച്ച് ആക്രമിച്ചാണ് സഞ്ജു ഇന്നിങ്സ് ആരംഭിച്ചത്. നേരിട്ട രണ്ടാം പന്തിൽ തന്നെ കാരിയയെ സിക്സറിനു പറത്തിയ സഞ്ജു, ഓവറിലെ അവസാന പന്തിൽ വീണ്ടും ബോൾ ഗാലറിയിൽ എത്തിച്ചു. 3 സിക്സും ഒരു ഫോറുമടക്കം കാരിയയ്ക്കെതിരെ 10 പന്തിൽ 28 റൺസാണ് സഞ്ജു നേടിയത്.
52 പന്തിൽ പുറത്താകാതെ 70 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്സാണ് സ്കോർ 350 കടക്കാൻ ഇന്ത്യയെ സഹായിച്ചത്. വെസ്റ്റിൻഡീസിനെതിരായ 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും.