കുവൈറ്റിൽ യാത്രയ്ക്കിടെ വാഹനത്തിൽ നെയിം ബോര്‍ഡ് പൊട്ടി വീണ് മലയാളിയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി. സാദത്താണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. കൈറോ 35ാം നമ്പർ റോഡിൽ മിനി ലോറി ഓടിച്ചു പോകുമ്പോൾ അപ്രതീക്ഷിതമായി നെയിംബോര്‍ഡ് വാഹനത്തിന് മേലെ പൊട്ടി വീഴുകയായിരുന്നു. 20 വർഷമായി കുവൈറ്റിലുള്ള സാദത്ത് അദാൻ എൽ.എസ് കേബ്ൾ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
തിങ്കളാഴ്ച കമ്പനിയുടെ ആവശ്യത്തിനായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടയത്. ലോറിയുടെ മുൻ ഭാഗത്ത് വീണ നെയിംബോര്‍ഡ് ഗ്ലാസും മുകൾഭാഗവും തകർത്ത് അകത്തേക്ക് തുളഞ്ഞു കയറി. അപകടസ്ഥലത്ത് തന്നെ സാദത്ത് മരിച്ചു. കെ.കെ.എം.എ ജലീബ് ബ്രാഞ്ച് എക്സിക്യൂട്ടിവ് മെംബറായ ടി.സി. സാദത്ത് സംഘടന സാമൂഹിക പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ജസീല പി.പി. മക്കൾ: സാമിൽ, മുഹമ്മദ്.