സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റാൻ ‘മുസാനിദ്’ എന്ന ഓൺലൈൻ പോർട്ടലിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ ഈ സേവനം ലഭ്യമായി തുടങ്ങും. സ്പോൺസർമാർക്ക് ഇടയിലാണ് അവരുടെ വീട്ടുജോലിക്കാരെ ഓൺലൈൻ നടപടിക്രമങ്ങളിലൂടെ മാറ്റാൻ കഴിയുന്നത്. സൗദിയിലെ ഗാർഹിക തൊഴിൽ മേഖലയുടെ വികസനം, അവകാശ സംരക്ഷണം, റിക്രൂട്ട്മെന്റിന്റെ ഗുണനിലവാരം വർധിപ്പിക്കൽ, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം വ്യവസ്ഥാപിതമാക്കൽ തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് പുതിയ സംവിധാനം.
ഓൺലൈനായി ലളിതമായ നടപടിക്രമങ്ങളിലൂടെ മുസാനിദ് പോർട്ടൽ വഴി റിക്രൂട്ട്മെന്റ് നിയന്ത്രണങ്ങൾ, നിയമങ്ങൾ, വ്യവസ്ഥകൾ എന്നിവക്ക് അനുസൃതമായി ഗാർഹിക തൊഴിലാളിയെ നിലവിലെ തൊഴിലുടമയിൽനിന്ന് പുതിയ തൊഴിലുടമയിലേക്ക് മാറ്റാൻ സാധിക്കും. കൂടാതെ നിലവിലെ തൊഴിലുടമയും ഗാർഹിക തൊഴിലാളിയും പുതിയ തൊഴിലുടമയും കൈമാറ്റ പ്രക്രിയക്ക് സമ്മതിച്ച ശേഷം മാത്രമേ സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കാൻ കഴിയൂ.
സ്പോൺസർഷിപ് മാറ്റാൻ മുസാനിദ് വഴി അംഗീകൃത ഓൺലൈൻ പേയ്മെൻറ് ചാനലുകളിലൂടെ നിശ്ചിത ഫീസ് അടയ്ക്കണം. കൂടാതെ സ്പോൺസർഷിപ്പ് മാറുന്ന സമയത്ത് ഉടമയുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഈ നടപടിക്രമം സഹായിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. രാജ്യത്തെ റിക്രൂട്ട്മെന്റ് മേഖല വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങളിലൊന്നായാണ് ‘മുസാനിദ്’ പ്ലാറ്റ്ഫോം മന്ത്രാലയം ആരംഭിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ റിക്രൂട്ട്മെന്റ് നടപടികൾ മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും തൊഴിൽ കരാർ സംബന്ധിച്ചുള്ള പരാതികളും തർക്കങ്ങളും പരിഹരിക്കുന്നതിനും ഇരു കൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഈ പോർട്ടലിൽ സേവനങ്ങൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.