മലയാള ചലച്ചിത്ര മേഖലയിൽ ശക്തമായ ഒരു ലോബി ഉണ്ടെന്ന ആരോപണവുമായി സംഗീത സംവിധായകൻ എം ജയചന്ദ്രൻ. മലയാള ചലച്ചിത്ര മേഖലയിൽ തനിക്കെതിരെ ഒരു ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് എം ജയചന്ദ്രൻ തുറന്നടിക്കുന്നു. ഈ ലോബി കാരണം നിരവധി ചിത്രങ്ങളിൽ നിന്നും പലരും മാറ്റിനിർത്തിയിട്ടുണ്ടെന്നും എന്നാൽ തനിക്ക് സ്വന്തമായൊരു വഴിയുണ്ടെന്നും അതിലൂടെ മുന്നോട്ട് പോകുമെന്നും ജയചന്ദ്രൻ പറഞ്ഞു.
ഞാൻ ഒരു ലോബിയുടെയും ഭാഗമല്ല. എന്നാൽ സിനിമയിൽ ഒരു ശക്തമായ ലോബിയുണ്ട്. അതിൻറെ ഭാഗമായി പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. അടുത്തകാലത്തുപോലും അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെയും സംസ്ഥാന പുരസ്കാരങ്ങൾ ഏറ്റുവാങ്ങാനുള്ള ഭാഗ്യം എനിക്കുണ്ടായി. സംഗീതത്തിന് വലിയ അദൃശ്യ ശക്തിയുള്ളതായി ഞാൻ വിശ്വസിക്കുന്നു. വിവാദങ്ങൾക്ക് പിന്നാലെ പോകുന്നില്ല.
എന്നാൽ, ഈശ്വരൻറെ ലോബി എനിക്കൊപ്പമാണ്. അതിൻറെ തെളിവാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടം. സിനിമയിൽ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്കായി ഒരു പാതയുണ്ട്. അതിലൂടെ ഞാൻ മുന്നോട്ടു നീങ്ങും. സിനിമയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ ഓരോ നിമിഷവും ഞാൻ സ്വയം വെല്ലുവിളിച്ച് ഹിറ്റുകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം എന്നും ജയചന്ദ്രൻ പറഞ്ഞു.