കാർബൺ പുറന്തള്ളൽ 2045ഓടെ പൂജ്യത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അബുദാബി ദേശീയ ഓയിൽ കമ്പനി (അഡ്നോക്). 2050തോടെ പൂർത്തിയാക്കപ്പെടുമെന്ന് പ്രഖ്യാപിച്ച പദ്ധതി 5 വർഷം മുൻപേ പൂർത്തിയാക്കുമെന്നാണ് അഡ്നോക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ 40 ശതമാനം കുറയ്ക്കുകയും മീഥേൻ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലേദ് ബിൻ മുഹമ്മദ് ബിൻ സായദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അഡ്നോക്ക് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. പുനരുപയോഗ ഇന്ധനത്തിൽ നിക്ഷേപം വർധിപ്പിച്ചും, കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാൻ പര്യാപ്തമായ സാങ്കേതിക വിദ്യകൾ സ്വീകരിച്ചും കണ്ടൽചെടികൾ നട്ടുവളർത്തിയുമാണ് ലക്ഷ്യത്തിലേക്ക് അഡ്നോക്ക് എത്തിച്ചേരുക. കാർബൺ കുറയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് രാജ്യാന്തര തലത്തിൽ അഡ്നോക് പങ്കാളികളെ തേടുന്നുമുണ്ട്.
ബിൽഡിങ് മേഖലയിലെ കാർബൺ പുറന്തള്ളൽ 2050 ആകുമ്പോഴേക്കും പൂജ്യത്തിൽ എത്തിക്കാനുള്ള തീരുമാനം കാലാവസ്ഥ വ്യതിയാന പരിസ്ഥിതി കാര്യമന്ത്രാലയത്തിന്റെ സമ്മേളനത്തിൽ നേരത്തെ സ്വീകരിച്ചിരുന്നു. എമിറേറ്റ്സ് എൻബിഡി ബാങ്കും പൂജ്യം കാർബൺ ബഹിർഗമന ലക്ഷ്യത്തിനായി കാലാവസ്ഥ റസ്പോൺസബിൾ കമ്പനിയുമായി കരാർ ഒപ്പിട്ടു. കടൽ യാനങ്ങൾ വഴിയുള്ള കാർബൺ പുറന്തള്ളൽ ഒഴിവാക്കാൻ യുഎഇ മാരിടൈം ഡീ കാർബണൈസേഷൻ കേന്ദ്രം സ്ഥാപിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു.