ട്വന്റി 20 പരമ്പരയുടെ ആവേശം ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആവാഹിച്ച ആഷസ് പരമ്പര സമാപിച്ചു. അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയം കൊയ്തതോടെയാണ് പരമ്പര 2-2 എന്ന സമനിലയിൽ കലാശിച്ചത്. പരമ്പര സമനിലയിലായതോടെ ആഷസ് കിരീടം ഓസീസ് നിലനിർത്തുകയും ചെയ്തു. നിർണ്ണായകമായ രണ്ട് ഓസ്ട്രേലിയൻ വിക്കറ്റുകൾ കൈക്കലാക്കി വർട്ട് ബ്രോഡ് ഇതോടെ തന്റെ രാജ്യാന്തര കരിയർ അവസാനിപ്പിച്ചു.
രണ്ടാം ഇന്നിങ്സിൽ 384 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 334 റൺസിന് ഓൾഔട്ടായി. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ടിന് 49 റൺസ് ജയം. സ്കോർ: ഇംഗ്ലണ്ട് – 283/10, 395/10. ഓസ്ട്രേലിയ – 295/10, 334/10. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സായിരുന്നു കളിയിലെ താരം. അഞ്ചാം ദിവസത്തെ അവസാന സെഷനിൽ അപ്രതീക്ഷിതമായി കളിമാറ്റിയാണ് ഇംഗ്ലണ്ട് ജയം പിടിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോയിൻ അലിയുമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. അതേസമയം വിരമിക്കൽ മത്സരം കളിക്കുന്ന സ്റ്റുവർട്ട് ബ്രോഡിന് ജയത്തോടെ യാത്രയയപ്പ് നൽകാനും ഇതോടെ ഇംഗ്ലണ്ടിന് സാധിച്ചും.
384 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഒന്നാം വിക്കറ്റിൽ 140 റൺസ് കൂട്ടുകെട്ടുമായി ഡേവിഡ് വാർണറും (60) ഉസ്മാൻ ഖവാജയും (72) മികച്ച തുടക്കം നൽകി. അനായാസ ജയത്തിലേക്ക് ഓസ്ട്രേലിയ നീങ്ങുമെന്നു തോന്നിച്ചപ്പോഴാണ് അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും മടക്കി ക്രിസ് വോക്സ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാൽ നാലാം വിക്കറ്റിൽ 95 റൺസെടുത്ത് സ്റ്റീവ് സ്മിത്തും (54) ട്രാവിസ് ഹെഡും (43) കളം നിറഞ്ഞതോടെ പ്രതീക്ഷകൾ വീണ്ടും മങ്ങി. മത്സരം കൈവിട്ടുപോകുമെന്നുറപ്പിച്ച സമയത്താണ് ഹെഡിനെയും മിച്ചൽ മാർഷിനെയും (6) പുറത്താക്കി മോയിൻ അലി ഇംഗ്ലണ്ടിന് മേൽക്കൈ നൽകിയത്. വോക്സിന്റെ പന്തിൽ സ്മിത്തും പുറത്തായതോടെ കളി ഇംഗ്ലണ്ടിന്റെ കോർട്ടിലായി.