ഏകദേശം 370 പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രത്തിന് സമീപമുളള ജലകണങ്ങളുടെ ചിത്രം പകർത്തി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. PDS 70 എന്ന് പേരിട്ടിരിക്കുന്ന ജലബാഷ്പത്തിന് സമീപമുളള ഗ്രഹവ്യവസ്ഥ ജീവനെ പിന്തുണച്ചേക്കാമെന്നാണ് സൂചനകൾ. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്ന് വേർതിരിച്ചെടുത്ത ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ വിലയിരുത്തിയാണ് നിഗമനം.
ഗ്രഹഘടനയുടെ മധ്യഭാഗത്തുള്ള നക്ഷത്രത്തിന് ഏകദേശം 5.4 ദശലക്ഷം വർഷം പഴക്കമുണ്ട്. രണ്ട് ഭീമൻ വാതക ഗ്രഹങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതായും മൂന്നാമത്തേത് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. നക്ഷത്രത്തിൽ നിന്ന് 160 ദശലക്ഷം കിലോമീറ്ററിൽ താഴെയാണ് വെബ് ദൂരദർശിനിയിലൂടെ ജല നീരാവി കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള സമാന ദൂരമാണിത്.
നക്ഷത്ര വികിരണം കാരണം ആ പ്രായത്തിലുള്ള ഒരു നക്ഷത്രത്തിൽ ജലബാഷ്പം നിലനിൽക്കില്ലെന്നായിരുന്നു ജ്യോതിശാസ്ത്രജ്ഞരുടെ വിശ്വാസം.പുതിയതായി
രൂപപ്പെടുന്ന ഏതൊരു ഗ്രഹവും വരണ്ടതായിരിക്കുമെന്നും വിലയിരുത്തിയിരുന്നു. എന്നാൽ പുതിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പഠനങ്ങൾ നടത്തുകയാണ് ശാസ്ത്ര ലോകം.
ജ്യോതിശാസ്ത്രജ്ഞർക്കായി പ്രപഞ്ചത്തിൻ്റെ രഹസ്യങ്ങൾ കണ്ടെത്താനും നക്ഷത്രങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വെളിച്ചം വീശാനും കഴിയുന്ന നിരവധി ഡാറ്റാ ശേഖരമാണ് കുറഞ്ഞ നാളുകൾക്കുളളിൽജെയിംസ് വെബ് ബഹിരാകാശ ദൂരദർശനി സമ്മാനിച്ചിട്ടുളളത്. ഏകദേശം 550 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിൻഗാമിയാണ് 1.6 ദശലക്ഷം കിലോമീറ്റർ അകലെ സൂര്യനെ വലംവയ്ക്കുന്ന ജെയിംസ് വെബ് ദൂരദർശനി.