പത്തനംതിട്ടയിൽനിന്ന് ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ കണ്ടെത്തി. ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്സാനയുടെ മൊഴിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജീവനോടെ നൗഷാദ് തിരിച്ചെത്തിയത്. തൊടുപുഴയിൽ നിന്നാണ് നൗഷാദിനെ പൊലീസ് കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യലിലാണ് നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് അഫ്സാന മൊഴി നൽകിയത്.
പരുത്തിപ്പാറയിൽ നിന്ന് നൗഷാദിനെ കാണാതായതായി ഇയാളുടെ അച്ഛൻ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ സുബൈർ 2021 നവംബർ അഞ്ചിനാണ് കൂടൽ പോലീസിൽ പരാതി നൽകിയത്. എന്നാൽ അന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കുറച്ചുനാൾ മുമ്പ് അഫ്സാന അടൂരിൽവെച്ച് നൗഷാദിനെ കണ്ടതായി പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ നൗഷാദിനെ കണ്ടുവെന്ന് പറയുന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെയുള്ളവ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കൊലപാതകമാണോയെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്.
പിന്നീട് വീണ്ടും അഫ്സാനയെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് നൗഷാദിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്. തൊടുപുഴ പോലീസിന്റെ കൂടി സഹായത്തോടെ കോന്നി പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് അഫ്സാനയുടെ മൊഴി പ്രകാരം ഇവർ താമസിച്ചിരുന്ന അടൂർ പരുത്തിപ്പാറയിലെ വാടകവീടിന്റെ പരിസരത്ത് അഞ്ചുമണിക്കൂറോളം പൊലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല.
അഫ്സാനയുടെ മൊഴിയേത്തുടർന്ന് മൃതദേഹം സംസ്കരിച്ചെന്ന് പറഞ്ഞ സ്ഥലത്തെല്ലാം കുഴിയെടുത്ത് പരിശോധിച്ചെങ്കിലും ഫലം ഉണ്ടായില്ല. കൂടാതെ അഞ്ചുമണിക്കൂറിനിടെ അഞ്ചുതവണ ഇവർ മൊഴി മാറ്റിപ്പറയുകയും ചെയ്തിരുന്നു. അഫ്സാനയെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നൗഷീദിനെ പൊലീസ് കണ്ടെത്തുന്നത്. കോന്നി ഡി.വൈ.എസ്.പി രാജപ്പൻ റാവുത്തർ, കൂടൽ സർക്കിൾ ഇൻസ്പെക്ടർ പുഷ്പകുമാർ, എസ്.ഐ. ഷെമിമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.