2023 ജൂലായ് ഏറ്റവും ചൂടേറിയ മാസമാകാനുള്ള എല്ലാ ലക്ഷണങ്ങളും പ്രകടമാക്കുന്നെന്ന് യൂറോപ്യൻ യൂണിയൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സി3എസ് (കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം) റിപ്പോർട്ട്. ഇആർഎ5 ഡാറ്റ അനുസരിച്ച് ജൂലൈയിലെ ആദ്യത്തെ മൂന്ന് ആഴ്ചകൾ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. മിക്ക രാജ്യങ്ങളിലും താപനില 46 കടന്നതാണ് ഭീഷണി ഉയർത്തുന്നത്.
കാനഡ, ഗ്രീസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കാട്ടുതീയ്ക്കൊപ്പം വടക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഉണ്ടായ ചൂട് തരംഗങ്ങളുമായും ഈ താപനില ബന്ധപ്പെട്ടിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സീസണിലെ ഏറ്റവും ചൂടേറിയ മൂന്ന് ദിവസങ്ങളും , ഈ വർഷത്തെ ഏറ്റവും ഉയർന്ന സമുദ്രതാപ നിലയും ജൂലൈയിൽ കടന്നുപോയെന്ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസും വ്യക്തമാക്കി.
വടക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയുടെ വിശാലമായ ഭാഗങ്ങളിൽ ക്രൂരമായ വേനൽക്കാലമാണ് കടന്നുപോകുന്നതെന്നും ഗുട്ടെറസ് പറഞ്ഞു. ഉയർന്ന താപനില അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സൂചനയാണെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. ഭൂപ്രദേശങ്ങളിലെ താപനില ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കേണ്ടതിന്റെ ആവശ്യകത മുമ്പെന്നത്തേക്കാളും അടിയന്തിരമാണെന്നാണ് വിലയിരുത്തൽ.
ജൂലൈ 6-ന് പ്രതിദിന ശരാശരി ആഗോള ശരാശരി ഉപരിതല വായുവിന്റെ താപനില 2016 ഓഗസ്റ്റിൽ സ്ഥാപിച്ച റെക്കോർഡിനെ മറികടന്നു. ഇത് ഏറ്റവും ചൂടേറിയ ദിവസമായിരുന്നു. ജൂലൈ 5 ഉം ജൂലൈ 7 ഉം തൊട്ടുപിന്നാലെ ഉയർന്ന താപനില രേഖപ്പെടുത്തിയ ദിവസങ്ങളാണ്. രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ മൂന്നാഴ്ച കാലയളവാണ് ജൂലൈയിലെ ആദ്യ മൂന്ന് ആഴ്ചകളെന്നും റിപ്പോർട്ട് പറയുന്നു. ഇആർഎ5 ഡാറ്റ അനുസരിച്ച് റെക്കോർഡിലെ ഏറ്റവും ചൂടേറിയ മാസം 2019 ജൂലൈ ആയിരുന്നു.