വെസ്റ്റിൻഡീസിനെതിരായ ഏകദിനം നടക്കാനിരിക്കെ പുതിയ നേട്ടത്തിനരികിലെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കാനൊരുങ്ങുകയാണ് താരം. 243 ഏകദിനങ്ങളിൽ നിന്ന് 9825 റൺസാണ് നിലവിൽ രോഹിത്തിന്റേതായുള്ളത്. വിൻഡീസിനെതിരായ ഏകദിനത്തിൽ 175 റൺസ് കൂടി നേടിയാൽ രോഹിത്തിന് 10,000 റൺസ് സ്വന്തമാക്കാൻ സാധിക്കും.
ഏകദിനത്തിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം രോഹിത്തിന് സ്വന്തമാക്കാം. 205 ഏകദിന ഇന്നിങ്സുകളിൽ നിന്ന് 10,000 റൺസ് തികച്ച വിരാട് കോലിയാണ് ഈ ലിസ്റ്റിൽ ഒന്നാമത്. 236 ഇന്നിങ്സുകളിൽ നിന്നാണ് രോഹിത് 9,825 റൺസെടുത്തിരിക്കുന്നത്. 259 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിൻ തെണ്ടുൽക്കറാണ് നിലവിൽ രണ്ടാമത്. അതിനാൽ രോഹിത്തിന് സച്ചിന്റെ നേട്ടം മറികടക്കാൻ സാധിക്കും.
സൗരവ് ഗാംഗുലി (263), റിക്കി പോണ്ടിങ് (266), ജാക്ക് കാലിസ് (272), എം.എസ് ധോനി (273), രാഹുൽ ദ്രാവിഡ് (287) എന്നിവരാണ് പട്ടികയിൽ പിന്നീടുള്ളവർ. അതേസമയം കോലി ഏകദിനത്തിൽ 13,000 റൺസ് എന്ന നേട്ടത്തിനരികിലാണ്. 274 ഏകദിനങ്ങളിൽ നിന്ന് നിലവിൽ 12,898 റൺസ് കോലി നേടിയിട്ടുണ്ട്.