മൈക്ക് വിവാദത്തിന് പിന്നാലെ പുതിയ തീരുമാനവുമായി കേരള പൊലീസ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾ പങ്കെടുക്കുന്ന പരിപാടികളിലെ മൈക്ക് അടക്കമുള്ള ഉപകരണങ്ങൾ ഇനി പൊലീസ് നേരിട്ടെത്തി പരിശോധിക്കാനാണ് തീരുമാനം. മൈക്ക് ഉൾപ്പെടെയുള്ളവ പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക മാനദണ്ഡം രൂപീകരിക്കാൻ തീരുമാനിച്ചതായാണ് പൊലീസ് അറിയിച്ചത്. പരിപാടികൾക്ക് ഉപയോഗിക്കുന്ന മൈക്ക് സൂക്ഷിക്കുന്നതും പൊലീസിന്റെ മേൽനോട്ടത്തിലായിരിക്കും.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മൈക്ക് കാര്യക്ഷമമല്ലാതിരുന്നതിനാൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത മൈക്ക് കേസ് അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. സാങ്കേതിക തകരാർ മൂലമാണ് മൈക്കിന്റെ പ്രവർത്തനം തകരാറിലായതെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായും കന്റോൺമെന്റ് പൊലീസ് കോടതിയെ അറിയിക്കും.
സംഭവം വിവാദമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് കേസിൽ തുടർനടപടികൾ അവസാനിപ്പിക്കാൻ നിർദ്ദേശിച്ചത്.