പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമയായ മലയാളികളുടെ സ്വന്തം കെ എസ് ചിത്രയ്ക്ക് ഇന്ന് 60-ാം പിറന്നാൾ. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ലോകത്തിന് സമ്മാനിച്ച ശബ്ദ മാധുര്യത്തിന് പിറന്നാൾ ആശംസ നേരുകയാണ് സംഗീത ലോകവും ആരാധകരും.
1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകളായായി തിരുവനന്തപുരത്താണ് കെ എസ് ചിത്രയുടെ ജനനം. പ്രമുഖ ഗായികയായിരുന്ന കെ എസ് ബീന, ഗിറ്റാർ വിദഗ്ധൻ കെ എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങൾ. സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് അച്ഛൻ കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെയാണ് ചിത്രയുടെ ആദ്യ ഗുരുവും. പിന്നീട് ഡോ. കെ ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1968ൽ ആകാശവാണിയിലൂടെയാണ് ചിത്രയുടെ സ്വരമാധുരി മലയാളി കേട്ടത്. പിന്നീട് ഓമനക്കുട്ടിയുടെ സഹോദരൻ കൂടിയായ എം.ജി. രാധാകൃഷ്ണൻ ആണ് ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക്ക് അവസരം നൽകിയത്.
പിന്നണി ഗാന രംഗത്തേക്ക് ചിത്ര ചുവടുവെക്കുന്നത് 1979-ൽ എം ജി രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ..’ ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. ‘ഞാൻ ഏകനാണ്’ എന്ന ചിത്രത്തിന് വേണ്ടി സത്യൻ അന്തിക്കാട് രചിച്ച് എം ജി രാധാകൃഷ്ണൻ സംഗീതമൊരുക്കിയ ‘രജനീ പറയൂ’ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്. 1983ൽ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനത്തിലൂടെ ചിത്രയെ തേടി ഒട്ടേറെ അവസരങ്ങൾ എത്തിത്തുടങ്ങി. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലധികം ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. ദക്ഷിണേന്ത്യയുടെ “വാനമ്പാടി” എന്നറിയപ്പെടുന്ന ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു. തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ ഫീമൈൽ യേശുദാസ്, ഗന്ധർവ ഗായിക, സംഗീത സരസ്വതി, ചിന്നക്കുയിൽ, കന്നഡ കോകില, പിയ ബസന്തി, ഇന്ത്യയുടെ കൊച്ചു വാനമ്പാടി, കേരളത്തിന്റെ വാനമ്പാടി എന്നീ പേരുകളും ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ നേടിയ ഗായിക കൂടിയാണ് ചിത്ര. ആറ് തവണ ദേശീയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടിയാണ്. എസ്. പി ബാലസുബ്രഹ്മണ്യവും കെ എസ് ചിത്രയുമാണ് ഇന്ത്യയിൽ ഏറ്റവും അധികം യുഗ്മഗാനങ്ങൾ പാടിയിട്ടുള്ളത്. 1986ൽ പുറത്തിറങ്ങിയ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ് ചിത്ര ആദ്യമായി ദേശീയ പുരസ്കാരം നേടുന്നത്. 1987 ൽ ‘നഖക്ഷതങ്ങൾ’ ചിത്രത്തിലെ ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനത്തിലൂടെ രണ്ടാമത്തെ ദേശീയ പുരസ്കാരവും ചിത്രയെ തേടിയെത്തി. 1989 ൽ വൈശാലി എന്ന ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നിൽക്കും’ എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തി. ‘മിൻസാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ൽ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. 1997 ൽ ഹിന്ദി ചിത്രം ‘വിരാസത്തി’ലെ ‘പായലേ ചുൻ മുൻ’ എന്ന ഗാനത്തിലൂടെ അഞ്ചാമത്തെ ദേശീയ പുരസ്കാരം നേടി. 2004 ൽ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ‘ഒവ്വൊരു പൂക്കളുമേ’ എന്ന ഗാനത്തിലൂടെ ചിത്രയെ തേടി ആറാമത്തെ ദേശീയ പുരസ്കാരവും എത്തി.
16 സംസ്ഥാന പുരസ്കാരങ്ങൾക്ക് പുറമെ തമിഴ്നാട്, ആന്ധ്ര, കർണാടക, ഒറീസ സർക്കാരിന്റെയും പുരസ്കാരങ്ങൾ ചിത്രയെ തേടിയെത്തി. 2005ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ചിത്രയെ ആദരിച്ചു. 9 തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡും നാല് തവണ തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ അവാർഡും മൂന്ന് തവണ കർണ്ണാടക സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിച്ചു.