ലോകം നേരിടാനിരിക്കുന്നത് കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയാണെന്ന മുന്നറിയിപ്പുമായി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. 2022ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട്ട് പുറത്തുവിട്ട് കൊണ്ട് നടത്തിയ പ്രസ്താവനയിലാണ് മുന്നറിയിപ്പ് നൽകിയത്. ലോകത്ത് ഒരു ബില്യനോളം ആളുകള്‍ക്ക് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾ, യുവാക്കൾ എന്നിവരുടെ എണ്ണം ഞെട്ടിക്കുന്ന വിധം കൂടുതലാണെന്നും അന്റോണിയോ ഗുട്ടെറസ് വിശദമാക്കുന്നു.
മാനസിക പ്രയാസം അനുഭവിക്കുന്നവരിൽ വലിയൊരു ശതമാനം ആളുകൾക്കും ചികിത്സയോ സഹായമോ കൃത്യമായി ലഭിക്കുന്നില്ലെന്നതാണ് വിഷയം. ഇതിനായി ചികിത്സ തേടുന്നത് പലപ്പോഴും ആളുകൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത് ഭാവിയിൽ ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്കുന്നു.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ പലവിധ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതും ഗുട്ടെറസ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നുമൊക്കെ പുറത്താക്കപെടുന്നവരുമുണ്ട്. സാമ്പത്തികരംഗത്തും ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കാനിടയുണ്ട്. കൊവിഡിന്റെ വ്യാപനം മാനസിക പ്രശ്നങ്ങള്‍ കൂടാന്‍ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.