ബോളിവുഡ് സെലിബ്രിറ്റികൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി അവര്‍ ചെയ്യുന്ന പരസ്യങ്ങളുടെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. അത്തരത്തിൽ പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചതിന് ഒരു സൂപ്പര്‍താരം നേരത്തേ മാപ്പ് പറഞ്ഞിരുന്നു. അതേസമയം ചില താരങ്ങള്‍ ചില ഉത്പന്നങ്ങളുടെ പരസ്യം ചെയ്യില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ നാസിക്കിൽ ഓൺലൈൻ ഗെയിമിംഗ് പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ ബോളിവുഡ് താരം അജയ് ദേവ്ഗണിനെതിരെ ഒരാള്‍ ഒറ്റായാള്‍ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.
തിരക്കേറിയ മാർക്കറ്റിന് നടുവിൽ അജയ് ദേവ്ഗണിനെതിരെ പോസ്റ്ററുകളും ഉച്ചഭാഷിണിയും മറ്റും വച്ചാണ് ഇദ്ദേഹത്തിന്‍റെ പ്രതിഷേധം. ഇത്രയധികം സെലിബ്രിറ്റികൾ ഓൺലൈൻ ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നത് ദു:ഖകരമാണ്. ഓൺലൈൻ ഗെയിമിംഗിനെതിരെയും അതിന്റെ പരസ്യങ്ങൾക്കെതിരെയും പ്രതിഷേധിക്കുകയാണെന്ന് ഇയാള്‍ വിളിച്ചു പറയുന്നുമുണ്ട്.
‘അജയ് ദേവ്ഗണിന് വേണ്ടി ഞാൻ ഭിക്ഷയാചിക്കുന്നു. എനിക്ക് കിട്ടുന്ന പണം അദ്ദേഹത്തിന് നല്‍കാം. അങ്ങനെയെങ്കിലും ഇത്തരം പരസ്യങ്ങളില്‍ നിന്നും പിന്‍മാറണമെന്ന് പ്രതിഷേധക്കാരന്‍റെ കൈയ്യിലെ പ്ലാകാര്‍ഡിൽ എഴുതിയിട്ടുണ്ട്. ഈ വ്യത്യസ്ത സമരത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
പല ആരാധകരും ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കണം എന്നാണ് എല്ലാവരും വിഡിയോയ്ക്ക് താഴെ ആവശ്യപ്പെടുന്നത്. അതേസമയംഈ വിഷയത്തില്‍ അജയ് ദേവ്ഗണിന് കത്തയക്കും എന്ന് ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത മഹാരാഷ്ട്ര എംഎല്‍എ റെയിസ് ഷെയ്ക്ക് അറിയിച്ചു.