യുഎഇ യിൽ രണ്ട് യുവാക്കളുടെ റോഡ് മാർഗമുള്ള സാഹസിക യാത്ര ലണ്ടനിലെത്തി. 9000 കിലോമീറ്റർ പിന്നിട്ട് 30 ദിവസത്തെ യാത്രയാണ് ഇതിനോടകം ലണ്ടനിൽ എത്തിയത്. സുൽത്താൻ അൽ നഹ്ദിയും ദിയാബ് അൽ മൻസൂരിയുമാണ് ഈ സാഹസിക യാത്ര നടത്തിയത്. ഏഷ്യൻ, യൂറോപ്പ് വൻകരകളിലെ രാജ്യങ്ങൾ പിന്നിട്ടാണ് ലണ്ടനിലെത്തിയത്.
അതേസമയം വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ അടക്കം പഠിച്ച് നന്നായി ഗൃഹപാഠം ചെയ്താണ് അവർ യാത്രയ്ക്ക് ഇറങ്ങിയത്. സൗദി, കുവൈറ്റ് , ഇറാഖ്, തുർക്കി, ബൾഗേറിയ, സെർബിയ, ഹങ്കറി, ഓസ്ട്രിയ, ലിക്റ്റൻസ്റ്റയ്ൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബൽജിയം, ഹോളണ്ട് എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് ഇവർ ലണ്ടനിൽ എത്തിയത്.
ഇറാഖി-തുർക്കി അതിർത്തി പ്രദേശമായ ഇബ്രാഹീം ഖലീലിൽ തടസ്സം നേരിട്ടിരുന്നു. അവധി ദിവസമായതിനാൽ പുറത്തു കടക്കാൻ കുറച്ച് അധികം സമയമെടുത്തു. എന്നാൽ വിവിധ അതിർത്തി കവാടങ്ങളിൽ തടസ്സമില്ലാതെ കടന്നുപോവാൻ കഴിഞ്ഞത് കൈവശമുള്ള യുഎഇ പാസ്പോർട്ടിന്റെ ബലത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.