വിജയ് ബാബു നിർമിച്ച് ദേവൻ സംവിധാനം ചെയ്ത ‘വാലാട്ടി’ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. തികച്ചും വ്യത്യസ്തമായ പ്രമേയം കൊണ്ട് തിയറ്ററുകളിൽ കയ്യടി നേടുകയാണ് ‘വാലാട്ടി’. കുട്ടികൾ അടക്കമുള്ള കുടുംബപ്രേക്ഷകർ ‘വാലാട്ടി’ എന്ന ചിത്രം ഇരു കയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകൻ ദേവൻ.
കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി നൽകിയ ഫെയ്സ്ബുക് ലൈവ് വിഡിയോയിൽ അദ്ദേഹം വികാര ഭരിതനായി. കഴിഞ്ഞ നാലു വർഷത്തോളമായി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചാണ് ഇങ്ങനെയൊരു ചിത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. ഇപ്പോൾ അപരിചിതർ വരെ വിളിച്ച് അഭിനന്ദനം അറിയിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് lപൊട്ടിക്കരഞ്ഞുകൊണ്ട് ദേവൻ പറഞ്ഞു.
‘പരിചയമില്ലാത്ത ഒരുപാട് ആളുകൾ എന്നെ ഫോൺ ചെയ്യുകയും അവരുടെ സ്നേഹവും സന്തോഷവും അറിയിക്കുകയും ചെയ്യുന്നു. അത്രയധികം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഒരുപാട് ഒരുപാട് ആളുകളോട് നന്ദി പറയാനുണ്ട്. വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് ഈ ചിത്രം തിയറ്ററുകളിലെത്തിയത്. ഒരു സ്റ്റാറിന്റെ തലയും കാണാതെ ഇത്രയും ആളുകൾ ഈ സിനിമ കാണാൻ കയറുന്നതു തന്നെ വലിയ കാര്യമാണെന്നും ദേവൻ കൂട്ടിച്ചേർത്തു.