മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ നരേന്ദ്ര മോദി സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. വിവിധ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ‘ഇന്ത്യ’യാണ് കേന്ദ്ര സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാൻ തീരുമാനിച്ചത്. മണിപ്പൂർ കലാപത്തെ കുറിച്ചുള്ള ചർച്ച ഉയർത്തികൊണ്ടു വരികയാണ് ഇതിലൂടെ പ്രതിപക്ഷ പാർട്ടികൾ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ കൊണ്ട് പ്രസ്താവന നടത്തിക്കുകയാണ് ഇന്ത്യ സഖ്യത്തിന്റെ മറ്റൊരു ലക്ഷ്യം. ഇതോടൊപ്പം രാജ്യസഭയിൽ മണിപ്പൂർ വിഷയം ഉന്നയിക്കുകയും കേന്ദ്രസർക്കാറിനെ ആക്രമിക്കുന്നത് പ്രതിപക്ഷം തുടരുകയും ചെയ്യുമെന്നും ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ മണിപ്പൂർ കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (‘ഇൻഡ്യ)’ ഉറച്ചു നിന്നതോടെ ചൊവ്വാഴ്ചയും സഭ പ്രക്ഷുബ്ധമായി.
എന്നാൽ ‘ഇൻഡ്യ’യെ പരിഹസിച്ചുകൊണ്ട് മോദി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്ന പേര് ഉണ്ടെന്നും അതുകൊണ്ട് തന്നെ ഇതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമാണ് പ്രാധാനമന്ത്രി പറഞ്ഞത്.